സാന്ത്വനമായി ശ്രീമുത്തപ്പൻ
എം. രാജശേഖര പണിക്കർ
“നനവാർന്ന കണ്ണുകളും വിറയാർന്ന ചുണ്ടുകളും കൂപ്പിയ കൈകളുമായി മുത്തപ്പന്റെ മുൻപിൽ നില്ക്കുന്നവരെ ശ്രദ്ധിക്കുക. അവരുടെ മനസ്സിന്റെ ചെപ്പുതുറക്കുമ്പോൾ ചുരുളഴിയുന്നത് ജീവിതക്ലേശങ്ങളുടെ ചുഴിയിൽ പെട്ടുഴലുന്നവരുടെ സ്വകാര്യ ദുഃഖങ്ങളാണ്. അവരുടെ ഉൽകണ്ഠകളും പരാതികളും പരിദേവനങ്ങളും ആവശ്യങ്ങളുമാണ്. ഒരു ദർശനത്തിനായി, അരിമണിക്കും തുളസിക്കതിരിനുമായി മാത്രം അവിടെയെത്തുന്നവരുടെ സംഖ്യയും കുറവല്ല. മുത്തപ്പന്റെ സന്നിധിയിൽ എല്ലാത്തിനും പരിഹാരമുണ്ട്. ഇത്രയധികം പരാതികളുടെ തീർപ്പു കല്പിക്കുന്ന മറ്റൊരു ദൈവം മലയാളിക്കുണ്ടോ എന്ന് സംശയമാണ്.”
”ഇന്നു വാഴുന്നവന്റെ കോടതി പോലെയാണ് ഈ സ്ഥലം. അന്യായക്കാരനും പ്രതിയും മുത്തപ്പന്റെ അടുത്തുവരും. കല്ലും നെല്ലും തിരിച്ച് മുത്തപ്പൻ വിധി പറയും.”
കുന്നത്തൂർ പാടി
ശാസ്താവിന് ശബരിമല പോലെയാണ് മുത്തപ്പന് കുന്നത്തൂർ പാടി. അതാണ് മുത്തപ്പന്റെ ആരൂഢം. ഭഗവാനെ സംബന്ധിക്കുന്ന, പ്രകീർത്തിക്കുന്ന, സ്തോത്രങ്ങളായ തോറ്റംപാട്ടുകൾ ഈ കനകഭൂമി കൈലാസമാണെന്ന് പറയുന്നു.
പറശ്ശിനിക്കടവ്ശ്രീമുത്തപ്പൻ
മുത്തപ്പൻ ആരാധനയുമായി ബന്ധപ്പെട്ട ഒട്ടനവധി മടപ്പുരകൾ ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധമായത് പറശ്ശിനിക്കടവ് മടപ്പുരയാണ്. മുത്തപ്പൻ എന്നാൽ പറശ്ശിനിക്കടവ് എന്ന നിലയിൽ പുകഴ്പെറ്റതായിരിക്കുന്നു ഇവിടം. ലോകമെമ്പാടുമുളള മുത്തപ്പഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു.
മുത്തപ്പനും അയ്യപ്പനും
രണ്ടു ദൈവങ്ങൾ നൂറ്റാണ്ടുകളായി കേരളീയ ജനതയുടെ ജീവിതത്തെ അന്യാദൃശമായ കരുത്തോടെ തട്ടിയുണർത്തിയിട്ടുണ്ട്. ഭഗവാൻ മുത്തപ്പനും, ഭഗവാൻ അയ്യപ്പനും. ദക്ഷിണകേരളത്തിലാണ് അയ്യപ്പ ആരൂഢം, മുത്തപ്പ ആരൂഢം ഉത്തരകേരളത്തിലും.
മുത്തപ്പൻ മുക്തേശ്വരനാണ്. കാരുണ്യം ഉടൽപൂണ്ടവനാണ്. ശ്രേയസ്സും പ്രേയസ്സും നൽകി അനുഗ്രഹിക്കുന്നവനാണ്. ഭൗതികവും ആദ്ധ്യാത്മികവുമായ ദാഹങ്ങൾക്കെല്ലാം അവിടെ ശമനമുണ്ട്. മുത്തപ്പനുമായി കൂടുതൽ അടുക്കുന്തോറും ആഗ്രഹങ്ങൾ ക്ഷയിക്കുന്നു. മോഹക്ഷയത്തിന്റെ അവസ്ഥയിൽ മനുഷ്യൻ മുക്തിയോടടുക്കുന്നു.
പുസ്തകം വാങ്ങാം
പുസ്തകം ലഭിക്കുന്നതിന് 9447916529 (എം. രാജശേഖര പണിക്കർ) എന്ന നമ്പരിൽ തപാൽ ചെലവുൾപ്പെടെ 200 രൂപ ഗൂഗിൾ പേ ചെയ്ത രസീതോടെ അഡ്രസ്സും ഫോൺ നമ്പരും വാട്‌സ് അപ് ചെയ്യുക.