അധർമ്മം വളരുകയും ധർമ്മത്തിന് ഗ്ലാനി സംഭവിക്കുകയും ചെയ്യുമ്പോൾ സജ്ജനരക്ഷയും ദുർജ്ജനശിക്ഷയും നിർവഹിച്ച് ധർമ്മസംസ്ഥാപനത്തിനായി യുഗങ്ങൾ തോറും ഈശ്വരൻ അവതരിക്കുന്നു എന്ന് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ അർജുനന്നോട് പറഞ്ഞു. അത്  ഈശ്വരൻ സജ്ജനങ്ങൾക്ക്  നൽകുന്ന ഉറപ്പും ദൂർജ്ജനങ്ങൾക്ക് നൽകുന്ന താക്കീതുമാണ്.

ശ്രീമുത്തപ്പന്റെ അവതാരോദ്ദേശവും മറിച്ചല്ല. ”ഭക്തിയാക്കുന്ന ജലം പാദത്തിലൊഴിച്ചാൽ മുക്തിയാകുന്ന ഫലം കാട്ടിത്തരും മുത്തപ്പൻ” ഇത് തിരുവചനം.

ഈശ്വരസാക്ഷാത്കാരത്തിന് എത്രയാ വഴികൾ . അത് മന്ത്രമോ, യന്ത്രമോ, തന്ത്രമോ, കർമ്മമോ, ഭക്തിയോ ഏതുമാകാം. ചിലർ ഉപവാസമെടുക്കുന്നു. കഠിനമായ അനുഷ്ഠാനങ്ങൾ നടത്തുന്നു. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ ഒരു പക്ഷേ വർഷങ്ങൾ നീണ്ടു നിൽക്കുന്ന വ്രതമെടുക്കുന്നു.  മുത്തപ്പനു വേണ്ട വ്രതം ഉറച്ച വിശ്വാസമാണ്. ദൃഢമായി വിശ്വസിച്ച് മുത്തപ്പാ എന്ന് വിളിക്കുക. ഒരിക്കലും മുത്തപ്പൻ കൈവെടിയുകയില്ല. ക്ഷിപ്രപ്രസാദിയായ ഭഗവാൻ അഭീഷ്ടവരദായകനാണ്.

മുത്തപ്പൻ മുക്തേശ്വരനാണ്. കാരുണ്യം ഉടൽപൂണ്ടവനാണ്. ശ്രേയസ്സും പ്രേയസ്സും നൽകി അനുഗ്രഹിക്കുന്നവനാണ്. ഭൗതികവും ആദ്ധ്യാത്മികവുമായ ദാഹങ്ങൾക്കെല്ലാം അവിടെ ശമനമുണ്ട്. മുത്തപ്പനുമായി കൂടുതൽ അടുക്കുന്തോറും ആഗ്രഹങ്ങൾ ക്ഷയിക്കുന്നു. മോഹക്ഷയത്തിന്റെ അവസ്ഥയിൽ മനുഷ്യൻ മുക്തിയോടടുക്കുന്നു.

”സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കർത്താവാണ് മുത്തപ്പൻ” എന്നാണവിടുത്തെ വചനം. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരകാരകനായ, വേദമന്ത്രങ്ങൾ കൊണ്ടും മറ്റനേകം വഴികളിലൂടെയും മനുഷ്യൻ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന, ആ പരംപൊരുൾ തന്നെയാണ് മുത്തപ്പൻ. സദ്ചിന്തകൾ സൃഷ്ടിക്കുകയും, നന്മകൾ കാത്തുസൂക്ഷിക്കുകയും, ദുഷ്ചിന്തകളെ സംഹരിക്കുകയും ചെയ്തുകൊണ്ട് മനുഷ്യമനസ്സുകളിലും മുത്തപ്പൻ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ നടത്തി സദാ കൂടെത്തന്നെ നിൽക്കുന്നു.

മുത്തപ്പൻ ഒരിക്കൽ ഈ ലേഖകനോടു പറഞ്ഞു. ”മനസ്സാകുന്ന വനത്തിലൂടെ കൈയ്യെടുത്തു (പ്രവേശിച്ച്) രാഗദ്വേഷാദികളായ വന്യമൃഗങ്ങളെ വേട്ടയാടി മനഃശുദ്ധിയെ പ്രദാനം ചെയ്താൽ പോരെ?”.

കൂടെത്തന്നെ സഞ്ചരിച്ച് മനഃശുദ്ധി നൽകാം എന്ന ഉറപ്പാണ് മുത്തപ്പൻ നൽകുന്നത്. ശുദ്ധി വന്ന കണ്ണാടി പോലെ തെളിഞ്ഞ മനസ്സിലേ മുത്തപ്പന് (ഈശ്വരന് ) കുടിയിരിക്കാൻ പറ്റൂ. ഈശ്വരകൃപകൊണ്ടേ മനഃശുദ്ധിയുണ്ടാവുകയുള്ളൂ.

മുക്തി നൽകുന്ന അപ്പൻ – ഈശ്വരൻ – ആണ് മുത്തപ്പൻ.  മുക്തേശ്വരനെ – മുത്തപ്പനെ ഉപാസിക്കുക – മുക്തി സിദ്ധിക്കും. മുത്ത്  ശ്രേഷ്ഠമാണ്, പരമമാണ്, സുഖദായകമാണ്. സന്തോഷകരമാണ്. അപ്പൻ ഈശ്വരനും. ഗുരുവായൂരപ്പനും വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും മുക്തേശ്വരന്മാർ തന്നെ. ശ്രീപരമേശ്വരൻ തന്നെയാണ് തിരുവപ്പന, വെള്ളാട്ടം എന്ന രണ്ട് തെയ്യ – ദൈവ – രൂപങ്ങളായി ഭക്തർക്ക് ആവശ്യവും അപേക്ഷയുമനുസരിച്ച്  ഭുക്തിയും മുക്തിയും നൽകുന്നത്. ജനന മരണ ദുഃഖക്ലേശങ്ങളുടെ ചക്രത്തിൽ നിന്ന്  മോചനം വേണ്ട ഭക്തന്റെ മുന്നിൽ  മുത്തപ്പൻ മുക്തേശ്വരനാകുന്നു.

(അധികവായനക്ക് പുസ്തകം കാണുക)