രണ്ടു ദൈവങ്ങൾ നൂറ്റാണ്ടുകളായി കേരളീയ ജനതയുടെ ജീവിതത്തെ അന്യാദൃശമായ കരുത്തോടെ തട്ടിയുണർത്തിയിട്ടുണ്ട്. ഭഗവാൻ മുത്തപ്പനും, ഭഗവാൻ അയ്യപ്പനും. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ ശക്തമായ പ്രതീകങ്ങൾ കൂടിയാണ് അയ്യപ്പനും മുത്തപ്പനും.

ദക്ഷിണകേരളത്തിലാണ് അയ്യപ്പ ആരൂഢം, മുത്തപ്പ ആരൂഢം ഉത്തരകേരളത്തിലും. അവരുടെ സ്വാധീനം കേരളവ്യാപകമായി വരികയും സംസ്ഥാനത്തിന്റെ അതിരുകൾ കടന്നു വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

കലിയുഗവരദായകൻ എന്ന നാമം രണ്ടുപേർക്കും യോജിക്കുന്നു. അയ്യപ്പൻ ഹരി-ഹര നന്ദനനാണ്. രണ്ടു രൂപങ്ങളിലായി വരുന്ന മുത്തപ്പൻ ഹരി-ഹരന്മാരാണ്. ഈ സംയുക്തമായ ശക്തിക്കു മാത്രമേ അജ്ഞാനത്തിന്റെ ബന്ധനങ്ങളിൽനിന്ന് കലിയുഗത്തിൽ മനുഷ്യരെ രക്ഷിക്കാൻ കഴിയൂ.

ചാമുണ്ഡി ദേവിയുടെ കൈകൊണ്ടു മരിച്ച മഹിഷാസുരന്റെ സഹോദരിയായ മഹിഷിയുടെ ഉപദ്രവങ്ങളിൽ നിന്നും സജ്ജനങ്ങളെ രക്ഷിക്കുന്നതിനായിട്ടായിരുന്നു അയ്യപ്പന്റെ ജനനം. സംഘടിതമായ വൈഷ്ണവ-ശൈവ ശക്തിക്കു മാത്രമേ മഹിഷിയെ നിഗ്രഹിക്കാൻ കഴിയുമായിരുന്നുള്ളു. മുത്തപ്പൻ ജനിച്ചത് ചവിട്ടിമെതിക്കപ്പെട്ട അധഃകൃതരുടേയും ഗിരിജനങ്ങളുടേയും ഉദ്ധാരണത്തോടൊപ്പം അവരെ ആത്മീയമായി ഉണർത്തുന്നതിനായിരുന്നു.

അയ്യപ്പൻ പന്തളരാജാവായിരുന്ന രാജശേഖരന്റെ വളർത്തുപുത്രനായിരുന്നു. മുത്തപ്പൻ അയ്യങ്കര വാഴുന്നവരുടേയും പാടിക്കുറ്റി അന്തർജ്ജനത്തിന്റേയും. രാജശേഖര രാജാവിന് പമ്പാനദിയുടെ തീരത്തുനിന്നാണ് അയ്യപ്പനെ ലഭിച്ചത്. എരുവേശ്ശി പുഴയിലെ തിരുനെറ്റിക്കല്ലിൽ നിന്നാണ് അന്തർജ്ജനത്തിനു മുത്തപ്പനെ ലഭിച്ചത്.

കൊട്ടാരത്തിലെ ഉപജാപങ്ങൾ കാരണം അയ്യപ്പനു പന്തളം കൊട്ടാരം ഉപേക്ഷിച്ചു പോകേണ്ടിവന്നു. വാഴുന്നവരുടെ ചുറ്റിലും നിന്നുയരുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ സമ്മർദ്ദങ്ങൾ കൊണ്ട് മുത്തപ്പനും വീടു വിട്ടിറങ്ങേണ്ടി വന്നു.

ആയിരക്കണക്കിനു അയ്യപ്പക്ഷേത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമുണ്ട്. പക്ഷെ ശബരിമല സന്നിധാനം അയ്യപ്പന്റെ ആരൂഢമായി വേറിട്ടു നിൽക്കുന്നു. അസംഖ്യം മടപ്പുരകൾ ഉണ്ടെങ്കിലും മുത്തപ്പന്റെ ആരൂഢം കുന്നത്തൂർ പാടിയാണ്. രണ്ടു സ്ഥാനങ്ങളും മലമുകളിലാണ്.

വൃശ്ചികം 1 മുതൽ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലക്കാലത്ത് ലക്ഷക്കണക്കിനാളുകൾ ശബരിമലയിലേക്കു അയ്യപ്പ ദർശനത്തിനെത്തുന്നു. ധനു 2 മുതൽ ആരംഭിക്കുന്ന ഉത്സവക്കാലത്ത് കുന്നത്തൂർ പാടിയിലേക്കും ഭക്തജന പ്രവാഹമായിരിക്കും. ഉത്സവക്കാലത്തിനും സമാനതയുണ്ട്. മകരമാസത്തിന്റെ ആരംഭത്തോടെയാണ് രണ്ടിടത്തും തീർത്ഥാടനകാലം അവസാനിക്കുന്നത്.

നീലിമലയിൽ ഒരു ക്ഷേത്രം പണിയാൻ അയ്യപ്പഭഗവാൻ ഒരു ശരമയച്ചു. ആ ശരത്തിന് ലക്ഷ്യമായ ശബരിമലയിലാണ് പന്തളരാജാവ് അയ്യപ്പക്ഷേത്രം പണികഴിച്ചത്. മുത്തപ്പന്റെ കാര്യത്തിൽ തിരുവപ്പന അയച്ച ശരം ചെന്നു തറച്ചത് പറച്ചിങ്ങക്കടവിലെ കാഞ്ഞിരമരത്തിലായിരുന്നു. അവിടെയാണ് ഇന്ന് ഏറെ പുകഴ്‌പെറ്റ പറശ്ശിനിക്കടവ് മടപ്പുര നിൽക്കുന്നത്.

അയ്യപ്പന്റെ പ്രധാന സമർപ്പണം നെയ്തേങ്ങയാണ്. മുത്തപ്പനു മധു സമർപ്പണവും ഇതേ സങ്കല്പത്തിൽ തന്നെ.

ശബരിമലയിലും പാടിയിലും ഉത്സവക്കാലത്ത് സദാ എരിഞ്ഞുകൊണ്ടിരിക്കുന്ന അഗ്നികുണ്ഡങ്ങളുണ്ട്.

രണ്ടിടത്തും മലനിരകൾ കടന്നുവേണം ദർശനം നടത്താൻ. കഠിനവും ശ്രമകരവുമായ വഴിയിലൂടെ മാത്രമേ ദൈവീകമായ ആനന്ദാനുഭൂതി ലഭിക്കു.

മുത്തപ്പനും അയ്യപ്പനും തമ്മിലുള്ള സമാനതകളിൽ സാമൂഹ്യചരിത്ര വിദ്യാർത്ഥികൾക്കു കൂടുതൽ പഠനങ്ങൾ നടത്താവുന്നതാണ്. ഒരേ ശക്തിചൈതന്യം കാലദേശ ഭേദങ്ങളുടെ പ്രേരണമൂലം വ്യത്യസ്തമായ രൂപം സ്വീകരിച്ചതാണോ എന്നു സംശയിക്കാവുന്ന തരത്തിൽ സാദൃശ്യങ്ങളുണ്ട് ഈ രണ്ടവതാരങ്ങൾക്കും.

(അധികവായനക്ക് പുസ്തകം കാണുക)