മുത്തപ്പൻ ആരാധനാലയങ്ങൾ പൊതുവിൽ മടപ്പുരകൾ എന്നാണറിയപ്പെടുന്നത്. ഏറ്റവും പ്രസിദ്ധമായത് പറശ്ശിനിക്കടവ് മടപ്പുരയാണ്.
ഇവിടെ എത്തുന്ന ഭക്തജനങ്ങളെ ഭഗവാന്റെ അതിഥികളായിട്ട് പരിഗണിച്ച് വരുന്നു. മടപ്പുരയിൽ ചെല്ലുന്ന ആരേയും ആദരിച്ചിരുത്തി ചായയും പയറും പ്രസാദമായി നൽകുന്നത് തികഞ്ഞ ആതിഥ്യ മര്യാദയോടെയാണ്.
പറശ്ശിനിയിലേക്കു നിരന്തരമായി ഭക്തരെ ആകർഷിക്കുന്ന ഘടകങ്ങൾ പലതാണ്. ഏറ്റവും പ്രധാനം മുത്തപ്പൻ തന്നെ തിരഞ്ഞെടുത്ത സ്ഥലം എന്നതാണ്. ചില പ്രത്യേക ദിവസങ്ങളൊഴികെ ഏതാണ്ടെല്ലാ ദിവസവും തിരുവപ്പനയും വെളളാട്ടവും ഉണ്ട്.
”ആറാട്ടിനും അലങ്കാരത്തിനും, നിത്യ ഉത്സവത്തിനും” പറ്റിയ ഒരു സങ്കേതത്തെക്കുറിച്ച് ചിന്തിച്ചു ”കടലോടു കണ്ണാപുരം നോക്കിക്കണ്ട്” തിരുവപ്പന ഒരമ്പയച്ചു. അതുചെന്ന് തറച്ചുനിന്നത് പറച്ചിങ്ങക്കടവിലുള്ള ഒരു കാഞ്ഞിരമരത്തിലായിരുന്നു. പറച്ചിങ്ങ എന്ന മുളളുളള ഒരു തരം കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശമായത് കൊണ്ടാണ് പറച്ചിങ്ങക്കടവ് എന്ന പേരു വീണത്. പിന്നീട് ആ പേരിന് രൂപഭേദം വന്നു പറശ്ശിനിക്കടവ് ആയി.
അലൌകികപ്രഭ ചൊരിയുന്ന ആ ദിവ്യാസ്ത്രം മത്സ്യം പിടിച്ചുനിന്ന ഒരു വണ്ണാനിൽ ഈശ്വരീയമായ സാന്നിദ്ധ്യം അനുഭവവേദ്യമാക്കി. അദ്ദേഹം തീയ സമുദായത്തിൽ പെട്ട കുന്നുമ്മൽ തറവാട്ടു കാരണവരെ വിവരം അറിയിച്ചു. അദ്ദേഹം അവിടെ ഒരു മടപ്പുര തീർത്തു ഭഗവാനെ ആരാധിക്കാൻ തുടങ്ങി. കാരണവർ കളളും വണ്ണാൻ മത്സ്യവും പൈങ്കുറ്റി നൽകി. ദിവ്യാസ്ത്രം ദർശിച്ച വണ്ണാൻ മുത്തപ്പന്റെ തിരുവേഷം അണിഞ്ഞു തിരുവപ്പനയും വെളളാട്ടവും നടത്തി. കാരണവർ ആദ്യത്തെ മടയനുമായി.
”കള്ളും കളിയാട്ടോം വില്ലും വില്ലാട്ടോം ‘ ഭഗവാന് ഏറെ പ്രിയം. മദ്യനിരോധന സമയത്തും മൂന്ന് തെങ്ങിൽനിന്ന് കള്ളെടുക്കാനുള്ള അവകാശം മദ്രാസ് ഹൈക്കോടതി മടപ്പുരക്കു നൽകിയിരുന്നു.
മടപ്പുരയ്ക്കകത്തും പുറത്തും ധാരാളം നായകളെ കാണാം. ആത്മീയതലത്തിൽ നായകൾ കേവലം വേട്ടമൃഗങ്ങളല്ല. ശിവപ്പെരുമാളിന്റെ ഭൈരവമൂർത്തി സങ്കൽപത്തിൽ നായയുണ്ട്. ഭഗവാൻ ദത്താത്രേയനൊപ്പം നാലു നായകളെ കാണാമായിരുന്നു. മഹായാനത്തിൽ പഞ്ചപാണ്ഡവർക്കൊപ്പം ചേർന്നതും ഒരു നായയായിരുന്നു. ധർമപുത്രരെ വിടാതെ പിന്തുടർന്ന നായ സാക്ഷാൽ യമരാജാവായിരുന്നു! കാശിയിൽ വിശ്വനാഥൻ ശ്രീശങ്കരാചാര്യരെ പരീക്ഷിക്കാനെത്തിയതും നായകൾക്കൊപ്പമാണ്.
രാവിലെ അഞ്ചര മണിക്കു മടപ്പുര തുറക്കും. ആചാരാനുഷ്ഠാനങ്ങൾക്കു ശേഷം വാദ്യമേളത്തോടെ തിരുവപ്പനയും വെള്ളാട്ടവുമായി തിരുനൃത്തം ആരംഭിക്കുന്നു. നൃത്താവസാനം ഭക്തജനങ്ങൾക്കു ദർശനത്തിനും അനുഗ്രഹം വാങ്ങുന്നതിനുമുള്ള സമയമാണ്. മലയാള സംക്രമത്തിനു മുൻപുള്ള ദിവസങ്ങളിൽ വെള്ളാട്ടം വൈകുന്നേരം മൂന്നു മണിക്കാരംഭിക്കുകയും, അഞ്ചുമണിക്കവസാനിക്കുകയും ചെയ്യും.
തുലാം 9 നാണ് പുത്തരി വെള്ളാട്ടം. അന്നുമുതൽ വൃശ്ചികം 14 വരെ ഉച്ച വെള്ളാട്ടം മാത്രമേ നടത്താറുളളു. വൃശ്ചികം 16 നാണ് ഉത്സവം. വൃശ്ചികം 20-ാം തീയതി കൊടിയിറക്കം.
മീനം 2 നു ജ്യോതിഷ പണ്ഡിതന്മാരുടെ തീർപ്പനുസരിച്ച് നിശ്ചയിക്കുന്ന ഒരു ദിവസം കൂട്ടക്കളിയാട്ടം നടത്തുന്നു. വയനാട്ടു കുലവൻ, എടത്തി ഭഗവതി, ചാമുണ്ഡി, പൊട്ടം തെയ്യം, കുടിവീരന്റെ നാലു തെയ്യങ്ങൾ, ധർമ്മ ദൈവങ്ങളുടെ ഏഴു തെയ്യങ്ങൾ എന്നിങ്ങനെ ഒട്ടനവധി തെയ്യങ്ങൾ അന്നേ ദിവസം രംഗത്തു വരുന്നു.
മലബാറിലെ ആളുകൾ – പ്രത്യേകിച്ച് പട്ടാളക്കാർ – വെക്കേഷനോ, ലീവിനോ വരുമ്പോൾ മുത്തപ്പ ദർശനം നടത്തിയ മടങ്ങാറുള്ളു. മുത്തപ്പന്റെ ചിത്രമില്ലാത്ത ഒരു വാഹനം മലബാറിൽ കാണാൻ ബുദ്ധിമുട്ടാണ്. അത്രയ്ക്കും അംഗീകാരമുള്ള ദേവനാണ് മുത്തപ്പൻ.
പറശ്ശിനി തളിപ്പറമ്പ് താലൂക്കിലാണ്. കണ്ണൂരുനിന്നും തളിപ്പറമ്പിൽ നിന്നും ധർമ്മശാലവഴി ധാരാളം ബസ്സുകൾ പറശ്ശിനിയിലേക്കുണ്ട്.