എരുവേശ്ശി ഗ്രാമത്തിൽനിന്നും രംഗം കുന്നത്തൂർ പാടിയിലേക്ക് മാറി. വന്യമൃഗങ്ങൾ കൂട്ടുകാരായി, നായകൾ പിന്നാലെ കൂടി. മലയടിയാന്മാരുടെ ആതിഥ്യം സ്വീകരിച്ചു. ഗിരിജനങ്ങൾക്കു മുത്തപ്പൻ സുഹൃത്തും വഴികാട്ടിയും ദൈവവുമായി. ധർമ്മനിഷേധികളെ മുത്തപ്പൻ അമർച്ച ചെയ്തു.
കാട്ടിലൂടെ നടക്കുമ്പോൾ ക്ഷീണമകറ്റാൻ ചെത്തു പനകളിൽ കയറി മധുസേവ നടത്തി. പനങ്കള്ളിൽ ആകൃഷ്ടനായി ചെത്തുകാരൻ മൂത്തോരൻ ചന്ദന്റെ കള്ള് മോഷ്ടിച്ചു കുടിക്കാനും തുടങ്ങി. അതൊരു നിത്യ സംഭവമായപ്പോൾ ചെത്തുകാരൻ ചന്ദന് കാര്യം ബോധ്യമായി. ചന്ദൻ മുത്തപ്പനെ കയ്യോടെ പിടികൂടി. പനമുകളിൽ ഇരുന്നു കളളുമോന്തുന്ന മുത്തപ്പന്റെ നേരെ ശരമെടുത്തു ഉന്നം കണ്ടു. പനമുകളിലിരുന്ന ദൈവം തൃക്കൺ പാർത്തതോടെ ചന്ദൻ കല്ലായിത്തീർന്നു.
ചന്ദനെത്തേടി വന്ന ഭാര്യ കല്ലായിക്കൊടി അടിയാത്തി നീലി കാട്ടിൽ ”പാഷാണ രൂപി”യായ ചന്ദനെയാണ് കണ്ടത്. മേലോട്ടു നോക്കിയപ്പോൾ അടിയാത്തിക്ക് വിശ്വരൂപമാണ് കാണാൻ കഴിഞ്ഞത്. അടിയാത്തി ഉടനെ ”പൊറുക്കണേ മുത്തപ്പാ രക്ഷിക്കണേ” എന്നു യാചിച്ചു. ചന്ദനു ജീവൻ തിരിച്ചുകിട്ടി. രണ്ടുപേരും മുത്തപ്പന്റെ ആരാധകരായി.
അടിയാത്തി ഭഗവാന് നിവേദ്യങ്ങൾ സമർപിച്ചു. പഴയ മുളംകുറ്റിയിൽ പനങ്കള്ള് സമർപിച്ചത് പൈങ്കുറ്റിയായി. കാട്ടരുവിയിൽ നിന്നുള്ള മത്സ്യം ചുട്ട് മുത്തപ്പന് സമർപ്പിച്ചു. അന്നുമുതൽ അടിയാത്തി വിളിച്ച മുത്തപ്പൻ എന്ന പേരു പ്രസിദ്ധമായി. അടിയാത്തി സമർപ്പിച്ച നിവേദ്യങ്ങൾ മുത്തപ്പന്റെ നിവേദ്യങ്ങളായി.
ചന്ദന്റെ വംശ പരമ്പരയിലുള്ള അടിയാന്മാർ ഇന്നും കുന്നത്തൂർപാടിയിൽ മുത്തപ്പൻ ആരാധന തുടർന്നുവരുന്നു.
ആദിപാടിയിലായിരുന്നു ആ സംഭവം. മുപ്പത്തിമുക്കോടി ദേവന്മാരോടൊപ്പം ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാർ ആദിപാടിയിൽ കുടി കൊള്ളുന്നു എന്നാണ് വിശ്വാസം. ഓം എന്ന പ്രണവ മന്ത്രം കൊണ്ടു മുഖരിതമാണവിടം. അനുഷ്ഠാനങ്ങൾക്കായി മുത്തപ്പൻ നിർദ്ദേശിച്ച സ്ഥലമാണ് ഇന്നത്തെ പാടി.
മുത്തപ്പൻ ഗിരിജനങ്ങളെ ശരിയായ ജീവിതരീതി പഠിപ്പിച്ചു. അനീതിക്കെതിരെ പോരാടാൻ സംഘടിപ്പിച്ചു. എല്ലാത്തിനുമുപരി അവരുടെ വിശ്വാസം വീണ്ടെടുത്തു. അവരുടെ ചോറും വെള്ളവും സ്വീകരിച്ചു. അവരിൽ ഒരാളായി, അവരുടെ നായകനായി, ദൈവമായി.
പുരളിമലയിൽ ശിവരൂപം തപസ്സു തുടരുകയായിരുന്നു. വർഷങ്ങൾ കടന്നുപോയതുകൊണ്ട് ചിതൽപ്പുറ്റു വന്നു ഉടൽ മൂടിയിരുന്നു. മുത്തപ്പൻ അടുത്തു വന്നപ്പോൾ വില്ലിന്റെ അഗ്രം കൊണ്ടു പുററുപിളർന്നു. ശിവരൂപം ദൃശ്യമായി.
വിഷ്ണുവും ശിവനും യോജിച്ച ധന്യനിമിഷം, അവർ തിരുവപ്പനയും വെളളാട്ടവുമായി. തിരുവപ്പന വലിയ മുത്തപ്പനായും വെളളാട്ടം ചെറിയ മുത്തപ്പനായും അറിയപ്പെട്ടു.
അധ:കൃതരുടെ കൂടെനിന്ന് മുത്തപ്പൻ അവർക്കുവേണ്ടി പട നയിച്ചു. അന്നുവരെ കൈവശം വച്ചിരുന്ന പലതും നഷ്ടപ്പെട്ടവർ മുത്തപ്പന്റെ ശത്രുക്കളായി. ഒരിക്കൽ ചെത്തുകാരെ ഏർപ്പെടുത്തി മുത്തപ്പനെ അമിതമായി കുടിപ്പിച്ചു വകവരുത്താൻ ഒരു ശ്രമം നടന്നു. പക്ഷേ ലഹരി പിടിച്ചതു ഗൂഢാലോചന നടത്തിയവർക്കായിരുന്നു. അവർ ബോധംകെട്ടു നിലത്തു വീണുകിടന്നുരുണ്ടു.
മുത്തപ്പൻ ദിഗ് വിജയം ആരംഭിച്ചു. ചെറിയ മുത്തപ്പനുമായി ചേർന്ന് കുടകു മുതൽ അറബിക്കടൽ വരേയും കോരപ്പുഴ മുതൽ ചന്ദ്രപ്പുഴവരെയും ഉള്ള പ്രദേശങ്ങളുടെ ആധിപത്യം നേടി. ”എഴുമല, പുരളിമല, 72 പടുമല, 108 ആസ്ഥാനങ്ങൾ, 308 മടപ്പുരസ്ഥാനങ്ങൾ എണ്ണിയാലൊടുങ്ങാത്ത പൊടിക്കളങ്ങൾ” മുത്തപ്പന്റെ കാൽക്കീഴിലായെന്നു തോറ്റംപാട്ടു പറയുന്നു.
ദിഗ്വിജയത്തിനിടെ പണ്ടകശാലകളും പിടിച്ചെടുത്തു. ധാന്യങ്ങൾ ദരിദ്രർക്കിടയിൽ വിതരണം നടത്തി.
തന്റെ ഭരണം നടപ്പാക്കുകയും ദരിദ്രരുടേയും മർദ്ദിതരുടേയും ജീവിത നിലവാരം ഉയർത്തുകയും ചെയ്തശേഷം മുത്തപ്പൻ അവരുടെ വിളിപ്പുറത്തുണ്ടാകും എന്നുറപ്പ് നൽകി പിൻവാങ്ങി. പോകുന്നതിനു മുമ്പ് തന്നോട് ബന്ധപ്പെട്ട ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ജോലികൾ നൽകി. മുത്തപ്പാ രാധനയ്ക്ക് ഒരു സമ്പ്രദായമുണ്ടാക്കി മേൽനോട്ടത്തിനും തുടർനടത്തിപ്പിനു മായി കരക്കാട്ടെടം നായനാരെ ചുമതലപ്പെടുത്തി.