സ്വർഗ്ഗവും ഭൂമിയും കൈകോർത്തു പിടിക്കുന്ന ഹൃദ്യവും സുന്ദരവുമായ ഐതിഹ്യമാണ് മുത്തപ്പന്റേത്.

ദ്വാപരയുഗത്തിന്റെ അന്ത്യപാദത്തിൽ ആരംഭിക്കുന്ന കഥ കലിയുഗത്തിൽ എത്തിനില്ക്കുന്നു.

സ്വർഗ്ഗലോകത്ത് ഇടയ്ക്ക് ദേവസഭകളുണ്ടാകാറുണ്ട്. യോഗശേഷം വിനോദവേളയും. വിനോദപരിപാടികൾക്കിടയിൽ ഒരുനാൾ ഭഗവാൻ പരമശിവൻ തന്റെ ഒരു പ്രതിരൂപത്തെ സൃഷ്ടിച്ചു. അത് കണ്ട് മഹാവിഷ്ണുവും ഒരു പ്രതിരൂപത്തെ സൃഷ്ടിച്ചു.

വിഷ്ണുരൂപം ബദരീനാഥിൽ തപസ്സനുഷ്ഠിക്കാൻ പോയി. ശിവരൂപം സംഹാരവും തുടങ്ങി. തപസ്വികൾ ആശങ്കാകുലരായി സ്രഷ്ടാവായ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് കാലനേയും കൂട്ടി കൈലാസത്തിലെത്തി. അപ്പോഴാണ് തന്റെ സൃഷ്ടിയെക്കുറിച്ച് ശിവൻ വെളിപ്പെടുത്തിയത്. അവർ വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ കണ്ടു. തന്റെ സൃഷ്ടിയെക്കുറിച്ച് മഹാവിഷ്ണു അവരോട് പറഞ്ഞു. ബദരീനാഥിൽ ചെന്ന് സങ്കടനിവൃത്തിക്കായി ശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രപഞ്ചരക്ഷയെക്കരുതി ശിവരൂപത്തെ നേരിടാമെന്ന് വിഷ്ണുരൂപം വാക്കുകൊടുത്തു. തുല്യശക്തർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ജയവും തോൽവിയും രണ്ടു പേർക്കുമുണ്ടായില്ല. ഏറെ ചെന്നപ്പോൾ യുദ്ധത്തിന്റെ നിരർത്ഥകതയെക്കുറിച്ച് രണ്ടുപേർക്കും ബോധ്യമായി. വിഷ്ണുരൂപം പറഞ്ഞു. ”നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കാം. ഒരു വരം ചോദിച്ചുകൊള്ളുക.” ”താങ്കൾക്കു വരം വേണമെങ്കിൽ എന്നോടു ചോദിച്ചു കൊള്ളു” എന്നായി ശിവരൂപം. വിഷ്ണുരൂപം വരവും ചോദിച്ചു, ”ഖഡ്ഗം തിരിച്ചു പിടിക്കുക, ഇന്നുമുതൽ നമുക്കു സുഹൃത്തുക്കളാകാം”. പോരാട്ടം നിലച്ചു. വരം നൽകിയ ശിവരൂപം കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള പുരളിമലയിൽ പോയി തപസ്സനുഷ്ഠിച്ചു. വിഷ്ണുരൂപം ബദരീനാഥിലേക്കുതന്നെ തിരിച്ചു പോയി.

കലിയുഗത്തിൽ ഒരുനാൾ ബ്രഹ്മർഷി നാരദൻ ബദരീനാഥിലെത്തി വിഷ്ണുരൂപത്തോട് ദുഷ്ടനിഗ്രഹത്തിനും ശിഷ്ട സംരക്ഷണത്തിനുമായി അവതാരമെടുത്തു മാനവരാശിയെ രക്ഷിക്കണമെന്ന് അപേക്ഷിതനുസരിച്ച്  ശ്രീ മുത്തപ്പൻ വളർത്തുമകനാകാൻ ഭാഗ്യമുണ്ടായത് പാടിക്കുറ്റി അന്തർജ്ജനത്തിനും അയ്യങ്കര വാഴുന്നവർക്കുമായിരുന്നു.

അവതാരകാലത്ത് പുരളിമലയിലെത്തിയ മുത്തപ്പൻ തപം ചെയ്യുന്ന ശിവരൂപത്തെ കണ്ടു. അവർ സുഹൃത്തുക്കളായി. അന്നുമുതൽ മുത്തപ്പന്റെ അനുഗ്രഹങ്ങൾ വിഷ്ണുരൂപത്തിലും ശിവരൂപത്തിലും ലഭിച്ചുവരുന്നു.

(കാക്കാംകോവിൽ ശ്രീ കൃഷ്ണവാരിയർ 1991 നവമ്പർ 13-ന് കുന്നത്തൂർ പാടിയിൽ നടത്തിയ ഒരു ദേവപ്രശ്നത്തിൽ മുത്തപ്പന്റെ പുരാവൃത്തമായി അനാവരണം ചെയ്യപ്പെട്ട ഇക്കഥ പറഞ്ഞത് കുന്നത്തൂർ പാടി ദേവസ്ഥാനത്തിന്റെ പാരമ്പര്യ ട്രസ്റ്റിയായ ശ്രീ കുഞ്ഞിരാമൻ നായനാർ)

(അധികവായനക്ക് പുസ്തകം കാണുക)