മുത്തപ്പൻ ആരാധനാലയങ്ങൾ പൊതുവെ മടപ്പുരകൾ എന്നറിയപ്പെടുന്നു. അപൂർവ്വം സ്ഥലങ്ങളിൽ മഠപ്പുര എന്നും പ്രയോഗിച്ചു കാണുന്നു. മടയെന്നാൽ ഗുഹയാണെന്നും ഗിരിവർഗ്ഗക്കാർ ഗുഹയോടു ചേർന്നു പുര പണിതു തങ്ങിയിരുന്നതുകൊണ്ട് മടപ്പുരയാണെന്നും വേറൊരു വാദഗതിയുണ്ട്.

”മടം മഠമല്ല, മടയൻ മഠയനുമല്ല. മാടം എന്ന വാക്കിൽ നിന്നാണ് മടയനും മടപ്പുരയും ഉണ്ടായത് ‘ എന്ന് പ്രൊഫ. പി.എം. ലക്ഷ്മണൻ പറയുന്നു. ശബ്ദതാരാവലിയിൽ ശ്രീകണ്ഠേശ്വരം മടപ്പുര എന്ന വാക്കിനു ”മുത്തപ്പൻ ദൈവത്തിന്റെ അമ്പലം” എന്നും മടയൻ എന്ന വാക്കിനു മടപ്പുരയിലുള്ളവൻ എന്നും മേഖപ്പെടുത്തിയിരിക്കുന്നു. മഠപ്പുരക്കു അർത്ഥമായി മടപ്പുര എന്നും ശ്രീകണ്ഠേശ്വരം എഴുതുന്നു.

ശ്രീമുത്തപ്പന്റെ ജന്മസ്ഥാനമായ എരുവേശ്ശി മടപ്പുരയും ആരൂഢം എന്ന നിലയിൽ കുന്നത്തൂർ പാടിയും ”ആറാട്ടിനും അലങ്കാരത്തിനും നിത്യ ഉത്സവ”ത്തിനുമായി എത്തിച്ചേർന്ന ദിവ്യസങ്കേതം” എന്ന നിലയിൽ പറശ്ശിനി മടപ്പുരയും കഴിഞ്ഞാൽ മുത്തപ്പന്റെ കർമ്മം കൊണ്ടും ധർമ്മം കൊണ്ടും പ്രസിദ്ധിയാർജ്ജിച്ച അനേകം മടപ്പുകൾ കേരളത്തിലും പുറത്തുമുണ്ട്. പുരളിമല ചിത്രപീഠം, ഹരിശ്ചന്ദ്രൻ കോട്ട, മുരിങ്ങോടി മാടം, അരിച്ചൽ മടപ്പുര, നൂഞ്ഞിങ്ങര മുറ്റം, വെള്ളർ വള്ളി, പുന്തലോട്ടു മടപ്പുര, കൊളവങ്ങോടു മടപ്പുര, തളിക്കണ്ടി മടപ്പുര, കണ്ണപുരം മടപ്പുര എന്നിവയാണ് പ്രസിദ്ധങ്ങളായ മറ്റു മടപ്പുരകൾ.

ഭഗവാൻ ”പുരളിമല സങ്കേതം കണ്ടു കൊതിച്ചു” എന്നു പട്ടോലയിൽ പറയുന്നു. അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു മുത്തപ്പന് പുരളിമല. ആരൂഢമായ കുന്നത്തൂർ പാടിയിൽ മുത്തപ്പനെ മലയിറക്കുന്നത് പുരളിയിൽ നിന്നാണ്. അഞ്ഞൂറ്റാന് കെട്ടിയാടാൻ തിരുമുടി കൊടുത്തത് പുരളിമല ചിത്രപീഠമാണ്. ശിവപ്പെരുമാൾ തപസ്സിരുന്നതും മുത്തപ്പന്റെ ദിഗ്വിജയത്തിനിടയിൽ പരസ്പരം കണ്ടുമുട്ടിയതും അവതാരോദ്ദേശം പൂർത്തിയാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതും ഈ ധന്യഭൂമിയിൽ വച്ചായിരുന്നു. കൃഷ്ണന് വൃന്ദാവനം പോലെ മുത്തപ്പന് പ്രിയമാണ് പുരളിമല എന്ന് പറയപ്പെടുന്നു. ഭഗവാന്റെ പാദസ്പർശമേൽക്കാത്ത ഒരുതരി മണ്ണും പുരളിമലയിലില്ല. അതിനാൽ തന്നെ പുരളിമല പുണ്യമലയായി പരിഗണിച്ചുവരുന്നു.

മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര പുരളിമല ചിത്രപീഠത്തിന്റെ  ചെരുവിലായി സ്ഥിതിചെയ്യുന്നു.

മുത്തപ്പൻ പള്ളിവേട്ടയ്ക്കുശേഷം ഇന്ന് പൂന്തലോട്ടു മടപ്പുര നില്ക്കുന്നിടഞ്ഞുവന്നു വിശ്രമിച്ചെന്നും അപ്പോൾ ദേവകൾ പൂക്കൾ വർഷിച്ചു എന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് മടപ്പുരക്കു പൂന്തലോട്ടു മടപ്പുര എന്നു പേരു വന്നത്. ഇരിട്ടി കീഴൂരിലുള്ള കണ്ണിയത്ത് മടപ്പുരയിലാണ് മുത്തപ്പൻ ആദ്യമായി കലശം സ്വീകരിച്ചതെന്ന് പറയപ്പെടുന്നു.

മുത്തപ്പ ചരിത്രവുമായി ഗാഢബന്ധമുള്ളതാണ് കണ്ണപുരം. കണ്ണന്റെ പുരമാണ് കണ്ണപുരം. ശ്രീകൃഷ്ണക്ഷേത്രത്തോടുചേർന്ന് അഗ്രശാലാ മാതാവായ അന്നപൂർണ്ണേശ്വരിയും വാണരുളുന്ന ദിവ്യസ്ഥാനമാണിത്. ”കടലോടു കണ്ണാപുരം നോക്കിക്കണ്ടു” എന്നാണ് തിരുമൊഴി. വർഷത്തിലൊരിക്കൽ വെള്ളാട്ടവും തിരുവപ്പനയുമായി ഉത്സവം നടത്തിവരുന്നു.

കുപ്പംപടവ് മടപ്പുരയിലും വള്ളുവൻകടവ് മടപ്പുരയിലും മത്സ്യക്കാഴ്ചയുണ്ട്. മത്സ്യങ്ങളെ കോലിൽ തൂക്കി തോളിൽ ഏറ്റി കൊണ്ടുവരുന്ന കാഴ്ചയാണിത്. അനേകംപേർ മത്സ്യക്കാഴ്ചയുമായി ഇവിടേയ്ക്ക് വരുന്നു.

കണ്ണൂർ ജില്ലയിൽ താഴേ ചൊവ്വയ്ക്കടുത്ത് തിലാന്നൂരിലെ ചരപ്പുറം ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും വൈകുന്നേരം വെള്ളാട്ടവും മിക്ക ശനിയാഴ്ചകളിൽ തിരുവപ്പനയും നടക്കുന്നു.

കോഴിക്കോട്, ബേപ്പൂർ, മലപ്പുറം എന്നിവിടങ്ങളിലും മുത്തപ്പ ആരാധനാലയങ്ങൾ ഉണ്ട്.

കർണാടകയിലും കോയമ്പത്തൂരും, മംഗലാപുരത്തും, മുംബൈയിലും വിജയവാഡയിലും അഹമ്മദാബാദിലും  ബംഗളൂരുവിലും ബേദാരഹള്ളിയിലും മൈസൂരുവിലും ചെന്നൈയിലും മടപ്പുരകളുണ്ട്.

സംസ്ഥാനത്തും ഭാരതത്തിലും വിദേശങ്ങളിലും ശ്രീമുത്തപ്പഭക്തരുടെ സംഖ്യ വളരുന്നതനുസരിച്ച് മടപ്പുരകളുടെ പട്ടികയും നീളുന്നു.

എറണാകുളം ശ്രീമുത്തപ്പൻ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കടവന്ത്ര വിദ്യാനഗർ കോളനിയിൽ പത്തൊമ്പത് വർഷങ്ങളായി ശ്രീമുത്തപ്പ മഹോത്സവം നടത്തിവരുന്നു. എല്ലാ വർഷവും ജനവരി ആദ്യത്തെ ശനിയും ഞായറുമാണ് തിരുവപ്പനയും വെള്ളാട്ടവുമായി ഇവിടെ ഉത്സവം.

മുത്തപ്പ ചരിത്രവും ജീവിതവുമായി അഭേദ്യമാംവണ്ണം ബന്ധപ്പെട്ടു കിടക്കുന്ന ശ്രീമുത്തപ്പൻ ജന്മസ്ഥാനമായ എരുവേശ്ശി ഗ്രാമത്തിലെ തിരുവൻ കടവും തിരുനെറ്റിക്കല്ലും മടപ്പുരയും ശ്രീമുത്തപ്പന്റെ കർമ്മരംഗമായിരുന്ന ആരൂഢസ്ഥാനം കുന്നത്തൂർ പാടിയും ആറാട്ടിനും അലങ്കാരത്തിനും നിത്യ ഉത്സവത്തിനുമായി മുത്തപ്പൻ എത്തിച്ചേർന്ന പറശ്ശിനി മടപ്പുരയും ദേവകൾ മുത്തപ്പനുമേൽ പുഷ്പവൃഷ്ടി നടത്തി എന്നു വിശ്വസിക്കുന്ന പൂന്തലോട്ടു മടപ്പുരയും പുരളിമല സങ്കേതവുമുൾപ്പെടെ അനേകം മുത്തപ്പ ആരാധനാകേന്ദ്രങ്ങളെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് മലബാറിലാകെ ഒരു സാംസ്‌കാരിക മുന്നേറ്റം നടത്താവുന്ന തരത്തിൽ ഒരു തീർത്ഥാടന ശൃംഖല രൂപപ്പെടുത്താവുന്നതാണ്.

(അധികവായനക്ക് പുസ്തകം കാണുക)