ശ്രീമുത്തപ്പൻ ജന്മസ്ഥാനം തിരുവൻകടവ് മൂത്തേടത്ത് അരമന മടപ്പുര എരുവേശ്ശിയിലാണ്.
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ എരുവേശ്ശി ഗ്രാമത്തിലാണ് പുരാതനമായ ശ്രീ അയ്യങ്കര ഇല്ലം സ്ഥിതി ചെയ്തിരുന്നത്. അതീവ്ര ഭക്തരായിരുന്ന അയ്യങ്കര വാഴുന്നവരും അദ്ദേഹത്തിന്റെ ധർമ്മപത്നി പാടിക്കുറ്റി അന്തർജ്ജനവും അനപത്യദുഃഖത്താൽ മനസ്സുനീറി സന്താനലബ്ധിക്കായി വളരെക്കാലം ഈശ്വരഭജനം ചെയ്തിരുന്നു. അന്തർജ്ജനം ഒരുനാൾ സഹ്യാദ്രിയിൽ നിന്നുത്ഭവിക്കുന്ന എരുവേശ്ശിപ്പുഴയുടെ തിരുവൻകടവിൽ നീരാട്ടിനു പോയി. മുങ്ങി നിവർന്നപ്പോൾ പാദസരത്തിന്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. തിരുനെറ്റിക്കല്ലിൽ ബാലസൂര്യപ്രഭയോടെ ശംഖ, ചക്ര, ഗദാ, പത്മധാരിയായ പിഞ്ചുപൈതൽ. ഉടൻതന്നെ ഭഗവാൻ സാധാരണ ശിശുവായി. അപ്രതീക്ഷിതമായി കിട്ടിയ ഈ നിധി അവരുടെ കണ്ണുകളിൽ സന്തോഷാശ്രു നിറച്ചു. ആ ശിശുവിന്റെ സ്പർശം അവരിൽ ഉറഞ്ഞുകിടന്ന മാതൃഭാവം ഉണർത്തി. ആ ദിവ്യാനുഭൂതി മുലപ്പാലായി ചുരന്നു. ബാലനെ മുലയൂട്ടി ഇല്ലത്തേക്കു കൊണ്ടുവന്നു. വാഴുന്നവർക്കും സന്തോഷമായി.
അയ്യങ്കര ഇല്ലത്ത് വളർന്ന ബാലന് നാമകരണ, ഉപനയനാദി കർമ്മങ്ങൾ നടത്തി. കൗമാരത്തിലേക്ക് കാലൂന്നിയ മകൻ അസാധാരണത്വം കാണിച്ചു. വേദമന്ത്രങ്ങൾ ഉരുവിടേണ്ട ബാലന് വേടവിദ്യയിലായി താല്പര്യം. ഗിരിജനങ്ങളും മർദ്ദിതരും അസ്പൃശ്യരും കാട്ടുമൃഗങ്ങളുമായി കളിക്കൂട്ടുകാർ. വേട്ടയാടി വീട്ടിൽ കൊണ്ടുവന്ന പക്ഷികളേയും മൃഗങ്ങളേയും ചുട്ടു തിന്നുന്നത് ഇഷ്ട വിനോദമായി. മീൻ പിടിക്കുന്നതിലും തല്പരനായി. അത് ഇല്ലത്തിന്റെ ആചാരങ്ങൾക്ക് വിരുദ്ധമായിരുന്നു. അന്തർജ്ജനത്തോട് അവൻ അമ്പും വില്ലും ആവശ്യപ്പെട്ടു. യാഥാസ്ഥിതിക ബ്രാഹ്മണർ ബാലന്റെ പ്രവൃത്തി പാരമ്പര്യം നശിപ്പിക്കുമെന്ന് വാദിച്ചു. വാഴുന്നവർ സമ്മർദ്ദത്തിനു വഴങ്ങി മകനെ ഇല്ലത്തുനിന്ന് പുറത്താക്കാൻ തീരുമാനിച്ചു.
അമ്മ കണ്ണീർ വാർക്കാൻ തുടങ്ങി. തത്സമയം അവിടെയെത്തിയ ബാലൻ അസ്വസ്ഥനായി. ”എന്തു പറഞ്ഞമ്മേ അയ്യങ്കര വാഴുന്നോര്?” എന്ന മകന്റെ ചോദ്യത്തിന് ”ഞാനേതും കേട്ടില്ലെന്റെ പൊന്മകനേ” എന്ന നിരുപദ്രവകരമായ മറുപടി നൽകാനേ അവർക്കു കഴിഞ്ഞുള്ളു. എങ്കിലും എല്ലാം ഊഹിച്ചറിഞ്ഞ ബാലൻ ”അമ്മ ഒരു ചെവിയാലേ കേട്ടില്ലെങ്കിൽ ഞാനെന്റെ തൃച്ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നില്ക്കൂല. മനവിട്ട് മലനാട് സഞ്ചാരത്തിന് പോകുന്നു” എന്ന് പ്രതികരിച്ചു.
കോപംകൊണ്ടു വിറച്ച ബാലൻ ജ്വലിക്കുന്ന കണ്ണുമായി ചുറ്റും നോക്കി. പ്രകൃതിക്കു അവന്റെ രോഷം താങ്ങാനായില്ല. കോപാഗ്നിയേറ്റ മരങ്ങൾ ചാരമായി. കോപം വാഴുന്നവർക്കുനേരെ തിരിയുന്നതുകണ്ട അമ്മ ഭയന്നുവിറച്ചു. തേജസ്സേറിയ, അഗ്‌നി ജ്വലിക്കുന്ന കണ്ണുകളോടു കൂടിയ ദിവ്യരൂപം കണ്ട് ബോധരഹിതയായ മാതാവിനെ പിടിച്ചെഴുന്നേൽപ്പിച്ച് ഗാഢാലിംഗനം ചെയ്ത് ആത്മജ്ഞാനം നൽകി. മകൻ അവതാരോദ്ദേശം അമ്മയെ അറിയിച്ചു. ”അഗ്‌നി ജ്വലിക്കുന്ന കണ്ണുകൾ പൊയ്ക്കണ്ണുകളാക്കണം” എന്ന് അമ്മ മകനോട് അപേക്ഷിച്ചു. ”പൊയ്ക്കണ്ണു ധരിച്ചോളാമമ്മേ” എന്നു വാഗ്ദാനം നൽകിയ മകൻ അമ്മയുടെ വാക്കുകൾ ശിരസാ വഹിച്ച് ധർമ്മസംസ്ഥാപനാർത്ഥം ശ്രീ കുന്നത്തൂർ മലയിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു.
”മധുമാംസത്തിന് അൽപപ്രിയനാകക്കൊണ്ട് ബ്രഹ്മസ്വം പറിച്ചെറിഞ്ഞു പാലാഴിക്കു സമർപ്പിച്ച”തായി തോറ്റം പാട്ടു പറയുന്നു.
ഭഗവാൻ പ്രത്യക്ഷനായ തിരുവൻകടവിന്റെ സമീപം വടക്കുപടിഞ്ഞാറ് ഭാഗത്തായി നെല്ലോട്ടു പറമ്പിലായിരുന്നു അയ്യങ്കര ഇല്ലം. ഇല്ലത്തിന് സമീപത്തായിരുന്നു കുലദേവതയായ ശ്രീ മഹാവിഷ്ണുക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇഴപിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്ന പതിനാറ് ഏക്കർ സ്ഥലം ഇന്ന് അന്യമതസ്ഥരുടെ കൈയ്യിൽ അകപ്പെട്ടു തകർന്നടിഞ്ഞു. ഭഗവാൻ പതിനാറ് വയസ്സുവരെ തങ്ങിയതും ബാലലീലകൾ കൊണ്ട് ധന്യമാക്കിയതുമായ ഈ സങ്കേതം നവീകരിക്കപ്പെടണമെന്ന് ശ്രീ കുന്നത്തൂർപാടിയിലേയും ശ്രീ മുത്തപ്പൻ ജന്മസ്ഥാനത്തിലേയും ദേവപ്രശ്‌ന ചിന്തയിൽ കാണുകയുണ്ടായി.
ശ്രീമുത്തപ്പന്റെ ജന്മസ്ഥാനത്ത് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിലുള്ള ഒരു കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷംതോറും മകരമാസം 7, 8 തീയതികളിൽ തിരുവപ്പന മഹോത്സവവും തുലാം 10 ന് പുത്തരി വെള്ളാട്ടവും 11-ാം തീയതി മറുപുത്തരിയും മിഥുന മാസം 5-ാം തീയതി പ്രതിഷ്ഠാദിന മഹോത്സവവും നടത്തപ്പെടുന്നു. കൂടാതെ, എല്ലാ ശനിയാഴ്ചകളിലും സംക്രമദിനങ്ങളിലും വൈകുന്നേരം 6.30ന് വിശേഷാൽ പൈങ്കുറ്റിയും നടത്തപ്പെടുന്നു.
(അധികവായനക്ക് പുസ്തകം കാണുക)