ശാസ്താവിന് ശബരിമല പോലെയാണ് മുത്തപ്പന് കുന്നത്തൂർ പാടി. അതാണ് മുത്തപ്പന്റെ ആരൂഢം. ഭഗവാനെ സംബന്ധിക്കുന്ന, പ്രകീർത്തിക്കുന്ന, സ്‌തോത്രങ്ങളായ തോറ്റംപാട്ടുകൾ ഈ കനകഭൂമി കൈലാസമാണെന്ന് പറയുന്നു.
സഹ്യാദ്രിയിലെ ഉടുംബമലക്കു മുകളിലുള്ള ഈ കുന്നിൻ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3,000 അടി മുകളിലാണ്. ഇതു കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പയ്യാവൂർ വില്ലേജിൽ കുന്നത്തൂർ പാടി ദേശത്തിലാണ്.
ഇവിടെയാണ് ഈശ്വരന്റെ ഇച്ഛയും ചരിത്രപരമായ നിയോഗവും ഒത്തുചേർന്ന ദിവ്യസ്ഥാനം. മുത്തപ്പനായി അവതരിച്ച ജഗദീശ്വരൻ ഈ പർവ്വതനിരകളാണ് തന്റെ കർമ്മഭൂമിയായി തിരഞ്ഞെടുത്തത്.
തീർത്ഥാടകരുടെ ദൃഷ്ടിക്ക് ആദ്യം വിഷയീഭവിക്കുന്നത് കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തിന്റെ ഓഫീസ് കെട്ടിടമാണ്. അതിനോട് ചേർന്ന് താഴെ മടപ്പുര. അവിടെ ഭഗവതിയുടേയും മുത്തപ്പന്റേയും ക്ഷേത്രങ്ങളുണ്ട്.
താഴെ മടപ്പുരയുടെ സമീപത്തുനിന്നും വനപ്രദേശം ആരംഭിക്കുന്നു. കുറച്ചു കയറുമ്പോൾ കലശസ്ഥാനം കാണാം. അവിടെ നിന്ന് കുന്നത്തൂർ പാടി ആരംഭിക്കുന്നു. വനമദ്ധ്യത്തിൽ തുറസ്സായ ഒരു സ്ഥലം. അവിടെയൊരു ഗുഹ. ഗുഹയ്ക്കകത്തൊരു ശില. ഇവിടെ ഉത്സവക്കാലത്തു താല്ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഒരു മടപ്പുര. ഇതാണ് ശ്രീകോവിൽ.
ധനുമാസം മുതൽ കുന്നത്തൂർ പാടി സജീവമാകും. ഒരുമാസം നീണ്ടു നില്ക്കുന്ന പാടിയിലെ ഉത്സവം ധനു 2-നു തുടങ്ങി മകരം 2-നു (ഡിസംബർ മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ) അവസാനിക്കുന്നു. ഉത്സവക്കാലത്തു ലക്ഷക്കണക്കിന് ഭക്തജനങ്ങൾ അവരുടെ ജീവിക്കുന്ന ഭഗവാനെ ആരൂഢത്തിൽ വന്ന് ദർശിക്കാനെത്തുന്നു.
ഗുഹക്കകത്ത് വിളക്കു തെളിച്ചു തന്ത്രി ശിലയിൽ അഭിഷേകം നടത്തുന്നു. പിന്നീട് ചന്ദനും കോമരവും അവിടെ പൂജ ചെയ്യുന്നു.
ഉത്സവത്തിന്റെ ആദ്യ ദിവസം നാലു മുത്തപ്പന്മാർ രംഗത്തുവരും. പുതിയ മുത്തപ്പൻ, പുറങ്കാലമുത്തപ്പൻ, നാടുവാഴിശ്ശൻ, തിരുവപ്പന. കുന്നത്തൂർ പാടിയിൽ മുത്തപ്പനെ മലയിറക്കുന്നത് (ആവാഹിക്കൽ) പുരളിമലയിൽ നിന്നാണെങ്കിൽ പുരളിമലയിൽ അത് കുന്നത്തൂർ പാടിയിൽ നിന്നാണ്. മറെറല്ലാ മടപ്പുരകളിലും മലയിറക്കം കുന്നത്തൂർ പാടിയിൽ നിന്നാണ്.
മറ്റു മുത്തപ്പൻ ആരാധനാ കേന്ദ്രങ്ങളിലെപ്പോലെ പാടിയിൽ തിരുവപ്പനയും വെള്ളാട്ടവും ഒരേ സമയം പ്രത്യക്ഷപ്പെടുന്നില്ല. തിരുനൃത്തത്തിനുശേഷം മുത്തപ്പൻ പീഠത്തിലിരുന്ന് നായനാരോട് ”സ്ഥിതി ചെയ്യണം വാണവരേ” എന്നു കൽപ്പിക്കുന്നു. വാണവർ ഇരുന്നശേഷം മുത്തപ്പൻ പട്ടോല വായിക്കുന്നു. ഭഗവാന്റെ ചരിത്രവും വാണവരുമായുള്ള ബന്ധവും വിവരിക്കുന്നുണ്ട് പട്ടോലയിൽ.
വാണവരോടു സംസാരിച്ചു കഴിഞ്ഞാൽ മുത്തപ്പ ദർശനത്തിനുള്ള സമയമാണ്. ഭക്തരുടെ നീണ്ട കാത്തിരിപ്പിന് അറുതിയായി. അരുളപ്പാട് ആരംഭിക്കുകയായി. ദുഃഖദുരിതങ്ങൾ കേട്ട് ഭഗവാൻ ഭക്തരെ ആശ്വസിപ്പിക്കുകയും ആശീർവദിക്കുകയും ചെയ്യുന്നു.
”മൂലം പെറ്റോളെ നിയമം കല്പിക്കണം” എന്നു മുത്തപ്പൻ അരുളി ചെയ്താൽ അന്നു മൂലംപെറ്റ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകും.
അതിനുശേഷം വെള്ളാട്ടത്തിന്റെ പുറപ്പാടായി. ഉത്സവം തുടങ്ങിയാൽ പാടി മലമുകളിൽ വെള്ളാട്ടമായും തിരുവപ്പനയായും മൂലംപെറ്റ ഭഗവതിയായും ഇരുപത്തിനാലു മണിക്കൂറും ദർശന സൗകര്യമുണ്ട്.
മുത്തപ്പസങ്കേതത്തിൽ ഉത്സവകാലത്തെ ഒരു മാസക്കാലമല്ലാതെ പതിനൊന്നു മാസം പാടിയിലേക്ക് പ്രവേശനമില്ല.
താഴേ മടപ്പുരയിൽ നിത്യ പൈങ്കുറ്റി നടത്താറുണ്ട്. സംക്രമ ദിവസങ്ങളിൽ വെള്ളാട്ടവും കന്നി മാസത്തിൽ പുത്തരി വെള്ളാട്ടവും നടന്നുവരുന്നു. വൃശ്ചികം രണ്ടിനു കളത്തിൽ തിറ ഉണ്ടാകും. കർക്കിടകമാസത്തിൽ പൂജകളില്ല.
തലമുറകളായി കരക്കാട്ടെടം വാണവർ പാരമ്പര്യ ട്രസ്റ്റിയായി (രക്ഷാപുരുഷൻ) ആയി തുടരുന്നു.
”ഇന്നുവരെ വാണവർ മുത്തപ്പനെ ചതിച്ചിട്ടില്ല. മുത്തപ്പൻ വാണവരേയും ചതിച്ചിട്ടില്ല” എന്നു തലമുറകളായി തുടർന്നുവരുന്ന ഹൃദ്യമായ ബന്ധത്തെക്കുറിച്ച് മുത്തപ്പൻ തന്നെ ഓർമ്മപ്പെടുത്താറുണ്ട്.
ശ്രീ. എസ്. കെ. കുഞ്ഞിരാമൻ നായനാരാണു ഇപ്പോഴത്തെ ട്രസ്റ്റിയും കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തിന്റെ ജനറൽ മാനേജരും. 1976 ആഗസ്റ്റ് 29 നാണ് അദ്ദേഹം ചുമതലയേറ്റത് .
പാടിയിൽ നടന്ന ഒരു ദേവപ്രശ്‌നത്തിൽ വിദേശ മദ്യം മുത്തപ്പനു നിഷിദ്ധമാണെന്നു തെളിയുകയുണ്ടായി. അതിനുശേഷം പാടിയിൽ വിദേശമദ്യം നിരോധിക്കുകയും പകരമായി അന്നദാനം നടപ്പാക്കുകയും ചെയ്തു.