ഒരു നൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്നിരുന്ന ചരിത്രത്തിന്റെ കാലിഡോസ്‌കോപ്പ് തിരിഞ്ഞപ്പോൾ അതുവരെയുണ്ടായിരുന്ന പാറ്റേണുകൾ പുതിയവയ്ക്കു വഴിമാറേണ്ടിവന്നു.

ബ്രിട്ടീഷ് ഭരണത്തിന്റെ തിരോധാനം ദേശീയതലത്തിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തി. നാട്ടുരാജ്യങ്ങൾ സംസ്ഥാനങ്ങൾക്കും ഇന്ത്യൻ യൂണിയനും വഴിമാറി. കേരള ലാൻഡ് റീഫോംസ് ആക്ട് (ഭൂപരിഷ്‌കരണ നിയമം) ജന്മി-കുടിയാൻ ബന്ധങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തി. ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം സാമൂഹ്യ കൊള്ളക്കൊടുക്കലുകളുടെ ഒരു മുന്നേറ്റം തന്നെയുണ്ടായി. അധ:കൃതർ എന്നു വിളിച്ചിരുന്നവർ ആത്മാഭിമാനവും ആത്മവിശ്വാസവും വീണ്ടെടുത്തപ്പോൾ ഒരു മുന്നേറ്റത്തിനു വഴി തെളിഞ്ഞു. വനദേശസാൽക്കരണവും ഭൂനിയമവും അതുവരെ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ലാത്ത ഉപരിവർഗ്ഗത്തിന്റെ അടിത്തറയിളക്കി.

ഭൂവുടമകൾ ഭൂരഹിതരും ഭൂരഹിതർ ഭൂവുടമകളുമായി മാറി. ഏതാണ്ട് 3,50,000 ഏക്കർ ഭൂമി നേരിട്ടും 1,50,000 ഏക്കർ അല്ലാതെയും ദേവസ്വമുൾപ്പെടെ ഉണ്ടായിരുന്ന കരക്കാട്ടെടം 1969 വരെ വൻകിട ഭൂവുടമകളിൽ ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കരം പിരിക്കാനുള്ള അധികാരം സിദ്ധിച്ചിരുന്നു. കേരള ഭൂപരിഷ്‌കരണ നിയമവും വനം ദേശസാൽക്കരണ നിയമവും അതിന്റെ അടിത്തറ തകർത്തു.

മറ്റെല്ലാ എടങ്ങൾക്കും, വിസ്തൃതമായ ഭൂമിക്കും അധികാരമുണ്ടായിരുന്ന ചുഴലി സ്വരൂപത്തിന്റെ അധീശത്വം കരക്കാട്ടെടത്തിനായിരുന്നു. പയ്യാവൂർ, എരുവശ്ശി, എള്ളരഞ്ഞി, ചെങ്ങളായി, ഇരിക്കൂർ ഗ്രാമങ്ങളിലായി പരന്നു കിടന്ന ക്ഷേത്രങ്ങൾ ചുഴലി സ്വരൂപത്തിന്റെ കീഴിലായിരുന്നു.

.പറശ്ശിനി മടപ്പുരക്കു കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നു. ചുഴലി സ്വരൂപത്തിന്റെ അധികാരസീമ ക്ഷയിച്ചപ്പോൾ പല പ്രദേശങ്ങളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളും സ്വതന്ത്രമായി.

തുടക്കത്തിൽ പുരളിമലയിൽ 308 മടപ്പുരകളും 108 ആസ്ഥാനങ്ങളും എണ്ണിയാലൊടുങ്ങാത്ത പൊടിക്കളങ്ങളും ഉണ്ടായിരുന്നു. ഒരു പൊടിക്കളമോ മടപ്പുരയോ സ്ഥാപിക്കുമ്പോൾ കുന്നത്തൂർ പാടിയുമായുള്ള നാഭീനാള ബന്ധം ഒരിക്കലും വിഛേദിച്ചിരുന്നില്ല.

ഇപ്പോൾ കാലം മാറി. പൊടിക്കളങ്ങളും മടപ്പുരകളും യഥേഷ്ടം വളരുന്നു. അവയെല്ലാം ഇന്നു തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

(അധികവായനക്ക് പുസ്തകം കാണുക)