കേന്ദ്ര സർക്കാർ സ്ഥാപനമായ റെയിൽവെയുടെ അനേകം സ്റ്റേഷനുകളുടെ പരിസരത്ത് മുത്തപ്പൻ മടപ്പുരകൾ കാണാം. വടക്ക് മംഗലാപുരം മുതൽ തെക്ക് വെസ്റ്റ്ഹിൽ വരെയുള്ള സ്റ്റേഷനുകൾക്ക് സമീപം മടപ്പുരകളുണ്ട്.

കാഞ്ഞങ്ങാടിന് വടക്ക് തൊട്ടടുത്ത സ്റ്റേഷൻ പള്ളിക്കരയാണ്. ഏതാണ്ട് നൂറു വർഷങ്ങൾക്കു മുമ്പ് കണ്ണൂർക്കാരനായിരുന്ന സ്റ്റേഷൻ മാസ്റ്റർ കണ്ണൂരിൽ ആരംഭിക്കുന്ന ഒരു വ്യവസായശാലയ്ക്ക് വേണ്ടി മദിരാശിയിൽ നിന്ന് ബുക്ക് ചെയ്ത ഘനമുള്ള ഒരു യന്ത്രം ഗുഡ്സ് വണ്ടിയിൽ വന്നത് സ്റ്റേഷനിൽ ഇറക്കി വെച്ചു. പാർസൽ കൊണ്ടുപോകാൻ ആളെത്തുമ്പോഴേക്ക് സാധനം കാണാനില്ല. കളവ് പോയതാണെന്ന് മനസ്സിലായി. ”മുത്തപ്പാ, കളവുപോയ പാർസൽ കണ്ടുപിടിച്ച് തരണേ. ഈ സ്റ്റേഷൻ പരിസരത്ത് മുത്തപ്പൻ കെട്ടിയാടിച്ചോളാമേ” എന്ന് മനസ്സുരുകി അദ്ദേഹം പ്രാർഥിച്ചു.

മൂന്നാം ദിവസം ആരോ വന്ന് അറിയിച്ചതിനെത്തുടർന്ന് കടൽകരയിൽ ചെന്നു നോക്കുമ്പോൾ അവിടെ പൂഴിമണലിൽ പാർസൽ കിടക്കുന്നു! അതെടുപ്പിച്ച് മേൽവിലാസക്കാരനെ ഏൽപിച്ചപ്പോഴാണ് സ്റ്റേഷൻ മാസ്റ്റരുടെ ശ്വാസം നേരേ വീണത്!

സ്റ്റേഷൻ പരിസരത്ത് മുത്തപ്പൻ കോലം കെട്ടിയാടിക്കാൻ ഉന്നതാധികാരികളുടെ അനുമതിയ്ക്കായി സ്റ്റേഷൻ മാസ്റ്റർ അനുമതി തേടി. അനുമതി കിട്ടിയതോടെ ആ സ്റ്റേഷന്റെ പിറകുവശത്ത് മുത്തപ്പക്കോലം കെട്ടിയാടിച്ചു. ആ സ്ഥലത്ത് മടപ്പുരയ്ക്കായി നൽകിയ അപേക്ഷയ്ക്കും അനുകൂല മറുപടി ലഭിച്ചു.

തുടർന്ന്, വടക്കെ മലബാറിലെ പല റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലും മുത്തപ്പൻ മടപ്പുരകളായി. മംഗലാപുരത്തേക്കു നീട്ടിയ കണ്ണൂർ എക്സ്പ്രസ് 2005 ഡിസംബർ 30 ന് ഫ്ലാഗ് ഓഫ് ചെയ്ത തീവണ്ടിയുടെ മുമ്പിൽ ശ്രീമുത്തപ്പന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. അത് കണ്ടതോടെ ചിലർ നെറ്റിചുളിച്ചു. മതേതര രാജ്യത്തോ ഇത്? ചിലർ റെയിൽവേയോട് വിശദീകരണം ചോദിച്ചു.

‘അത് ആ പ്രദേശത്തിന്റെ വികസനത്തിനായി നൂറു വർഷം മുമ്പ് ജീവിച്ചിരുന്നവരുടെ വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും കാര്യമാണ്’ എന്നായിരുന്നു വിശദീകരണം.

1905 ൽ റെയിൽ ലൈൻ മംഗലാപുരത്തേക്ക് നീട്ടാൻ തീരുമാനിച്ചപ്പോൾ ട്രാക്കിനടുത്ത് സ്ഥലം നൽകാമെന്ന റെയിൽവേയുടെ വ്യവസ്ഥയിൽ തീയ്യ സമുദായത്തിലെ മുതിർന്നവർ സ്ഥലം വിട്ടു നൽകി. അത്തരത്തിലുള്ള ആറു മടപ്പുരകൾ കൂടി റെയിലിനുവേണ്ടി പൊളിച്ചു മാറ്റി. ആ ത്യാഗധനന്മാരെ ആദരിക്കാനും ശ്രീമുത്തപ്പന്റെ അനുഗ്രഹം നേടാനുമാണ് ആ ചിത്രം പതിച്ചത്!

ആ ഏഴ് മടപ്പുരകളും അറിയപ്പെടുന്നത് റെയിൽവേ മുത്തപ്പൻ എന്നാണ്.

(അധികവായനക്ക് പുസ്തകം കാണുക)