മുത്തപ്പനെ ദർശിക്കാനെത്തുന്നവരെ നിശ്ശബ്ദമായി ശ്രദ്ധിക്കുക. മനസ്സിനെ അലട്ടുന്ന ഒട്ടനവധി ചെറുതും വലുതുമായ പ്രശ്നങ്ങളുമായി അവർ വരുന്നു. സന്താന സൗഭാഗ്യം ലഭിക്കാത്ത ദമ്പതിമാരാകാം, മകളുടെ വിവാഹത്തിനായി മാതാപിതാക്കളാകാം, കാമുകീ-കാമുകൻമാരുടെ പ്രണയ സാഫല്യത്തിനാകാം, പരീക്ഷയിലെ വിജയത്തിനായി വിദ്യാർത്ഥിയാകാം. അനന്തമായി നീളുന്ന വ്യവഹാരങ്ങളുടെ പരിഹാരത്തിനാകാം, ബാധോപദ്രവങ്ങൾ ഒഴിവാക്കുന്നതിനാകാം, കച്ചവടത്തിന്റെ അഭിവൃദ്ധിക്കാകാം, അല്ലെങ്കിൽ ഒരു തൊഴിൽ കാര്യത്തിനാകാം. ഒന്നും ചോദിക്കാതെ എല്ലാം തരുന്ന മുത്തപ്പ തൃപ്പാദങ്ങൾ വണങ്ങി മടങ്ങാനെത്തുന്നവരും ഒട്ടനവധി. മുത്തപ്പൻ ഭക്തരോട് വളരെ ഉദാരനാണ്.

കോഴിക്കോട് ഒറ്റമുറിയുള്ള ഒരു വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീ. എൻ. ഗോപാലപിള്ള കുടുംബത്തോടെ മുത്തപ്പനെ കാണാൻ പോയി. മുത്തപ്പന്റെ ഒരു ചിത്രം പതിക്കാൻ പോലുമുളള സൗകര്യം ആ വീട്ടിൽ ഇല്ലല്ലോ എന്നോർത്തു അവർ അത്യധികം വേദനിച്ചു ”ഭവനം വേണം അല്ലേ? മുത്തപ്പനറിയാം. അടുത്ത വർഷം ഒരു വീടുണ്ടാകും” എന്ന് ഭഗവാൻ അവരോടരുളിച്ചെയ്തു. ഭക്തനു വിശ്വസിക്കാനായില്ല. ”അന്നന്നുള്ള അഷ്ടിക്കുതന്നെ ബുദ്ധിമുട്ടാണല്ലോ ഭഗവാനെ. പിന്നെ എങ്ങനെയാണ് ഒരു വർഷം കൊണ്ടു വീടുണ്ടാവുക?” എന്നദ്ദേഹം മുത്തപ്പനോടു ചോദിക്കുകയും ചെയ്തു. ”എന്താ മുത്തപ്പനെ വിശ്വാസമില്ലെ? മുത്തപ്പൻ പൊയ്വാക്കു പറയാറില്ല. വഴികളെക്കുറിച്ച് വിഷമിക്കേണ്ട. എല്ലാം ശരിയാകും” എന്ന് വീണ്ടും മുത്തപ്പൻ പറഞ്ഞു. പറഞ്ഞതുപോലെ മുത്തപ്പന്റെ കൃപയാൽ അടുത്ത വർഷം സ്വന്തമായി ഒരു വീടുണ്ടായി. നന്ദിസൂചകമായി പുതിയ വീട്ടിൽ വെള്ളാട്ടം നടത്തുകയും ചെയ്തു.

വ്യവഹാരകാര്യങ്ങളിൽ മുത്തപ്പൻ കണിശക്കാരനായ മധ്യസ്ഥനാണ്. നിയമത്തിന്റെ കോടതികൾ വെറുതെ വിട്ടേക്കാം, മുത്തപ്പന്റെ കോടതി പിഴക്കാത്ത സത്യധർമ്മങ്ങളുടെ കോടതിയാണ്. മുത്തപ്പന്റെ ശിക്ഷ ”ഉമിക്കു തീപിടിച്ചപോലെ”യാണ്. ഒരു പെൺകുട്ടിയെ ഏതാനും ആളുകൾ ചേർന്നു ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം മലബാറിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ യുവതിയുടെ അമ്മ ഒരുനാൾ പറശ്ശിനിക്കടവു മുത്തപ്പന്റെ സന്നിധിയിലെത്തി. ബാഷ്പാഞ്ജലി കൊണ്ടു പുഷ്പാഞ്ജലി ചെയ്തു മുത്തപ്പന്റെ മുമ്പിൽ നീതിക്കായി കേണപേക്ഷിച്ചു.

വേദനകൊണ്ടു വിങ്ങിയ മനസ്സും കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന ആ മാതാവിനോട് മുത്തപ്പൻ പറഞ്ഞു, ”കോടതി എന്ത് തീരുമാനിച്ചാലും മുത്തപ്പൻ അവർക്കുള്ള ശിക്ഷ കല്പിച്ചു കഴിഞ്ഞു.”

അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. മുത്തപ്പന്റെ ശിക്ഷ നടപ്പായി. പ്രതികളിൽ ചിലർക്കു ഉന്മാദം ബാധിച്ചു. മറ്റു ചിലർ ആത്മഹത്യ ചെയ്തു.

പറശ്ശിനി മടപ്പുരയിൽ കോഴിക്കോടുള്ള ഒരു ഭക്തൻ നടയിരുത്തിയ ഒരു നായയുടെ കഥയും രസാവഹമാണ്. കുങ്കൻ എന്നായിരുന്നു അവന്റെ പേര്. യാത്രാസൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന കാലത്തെ സംഭവമാണ്. ദർശനത്തിനെത്തുന്നവരുടെ കൂട്ടിനായി കുങ്കൻ അവരെ ധർമ്മശാലവരെ അനുഗമിച്ചശേഷം തിരിച്ചു മടപ്പുരയിലെത്തുമായിരുന്നു.

മുത്തപ്പന്റേയും കൊട്ടിയൂർ പെരുമാളിന്റേയും കഥയും ഗാനങ്ങളും രചിച്ചു ശ്രദ്ധേയനായ ശ്രീ രാമനഴിക്കോട് മുത്തപ്പനെക്കുറിച്ച് ഒരു ലഘു പുസ്തകം എഴുതുകയുണ്ടായി. പ്രസിദ്ധീകരിക്കണമെന്ന് അതിയായ ആഗ്രഹം. സാമ്പത്തിക സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ”എങ്ങിനെ ഇത് പ്രസിദ്ധീകരിക്കും മുത്തപ്പാ” എന്നോർത്തു വിഷമിച്ചു കഴിയുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് ഒരുസംഘം ചെറുപ്പക്കാർ കൂടി ഇൻസ്റ്റന്റ് ലോട്ടറി നടത്താൻ തീരുമാനിച്ചത്. നറുക്കുവീണാൽ പണം അടക്കണ്ട എന്നായിരുന്നു നിബന്ധന. മുത്തപ്പനെ വിചാരിച്ച് ശ്രീ രാമനഴീക്കോട് ഒരു നറുക്ക് ചേർന്നു. ആദ്യ നറുക്കുതന്നെ അദ്ദേഹത്തിനു ലഭിച്ചു. മുത്തപ്പനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചെറുവത്തൂർ പടന്നയിലെ ബാലകൃഷ്ണന്റെ വീട്ടിൽ ശ്രീ മുത്തപ്പൻ കെട്ടിയാടുകയായിരുന്നു. കാസർകോട് വലിയ പറമ്പയിലെ റംലത്ത് മുത്തപ്പന്റെ മുന്നിൽ തന്റെ സങ്കടങ്ങൾ നിവർത്താനെത്തി. മുത്തപ്പൻ അവരെ സാന്ത്വനിപ്പിച്ചു. ”കർമ്മംകൊണ്ടും ജാതികൊണ്ടും മതംകൊണ്ടും വേറെയാണ് മുത്തപ്പാ എന്ന് തോന്നിയോ? തമ്പുരാനെന്നല്ലേ വിളിച്ചത്? പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല. നബിയെന്നും മലയിൽവാഴുന്ന മഹാദേവനെന്നും പൊൻമുടി വാഴുന്ന മുത്തപ്പനെന്നും വേർതിരിവില്ല നമുക്ക്. ചേർത്തു പിടിക്കാം, മുത്തപ്പൻ. പറഞ്ഞ വാക്ക് പതിരുപോലെയാക്കിക്കളയാതെ കതിരുപോലെ മുത്തപ്പൻ തരും. ഇത് വെറും വാക്കല്ല.” ശ്രീമുത്തപ്പൻ കൊടുമുടിയിൽനിന്ന് ഒരു തുമ്പയുടെ കതിര് അവളുടെ കൈകളിൽ വച്ചുകൊടുത്തു.

ഈ വീഡിയോ വൈറലായതോടെ അവരെ സഹായിക്കാനും അനേകം പേർ മുന്നോട്ടുവരികയുണ്ടായി.

പാടിയിലെ കാര്യങ്ങൾ കൊണ്ടുനടക്കാൻ വളരെക്കാലം കാത്തിരുന്നിട്ടും അന്തരിച്ച കരക്കാട്ടെടം ഉണ്ണാമൻ നായനാർക്ക് ഒരു അവകാശി ഉണ്ടായില്ല. ഒരുനാൾ പതിവുപോലെ തിരുനൃത്തത്തിനു ശേഷം പട്ടോലവായനക്കു മുമ്പ് മുത്തപ്പൻ ”സ്ഥിതി ചെയ്യണം വാണവരേ” എന്നു കൽപ്പിച്ചു. വാണവർ പൊട്ടിത്തെറിച്ചു. ”എനിക്കുശേഷം ഇവിടെയിരിക്കുവാൻ ആരുമില്ല. അതുകൊണ്ട് ഞാൻ ഇരിക്കുന്നില്ല” എന്നുപറഞ്ഞു. ”അടുത്ത വർഷം ഉണ്ടാകും” എന്നു മുത്തപ്പൻ ആശ്വസിപ്പിച്ചു. ശ്രീ നായനാരുടെ സഹോദരി ശ്രീമതി ഉൽപ്പലാക്ഷിയമ്മക്കു അടുത്ത വർഷം ഒരു പെൺ കുഞ്ഞുണ്ടായി. ആ വർഷവും നായനാർ ഇരിക്കാൻ മടിച്ചു. മുത്തപ്പൻ പറഞ്ഞു ”ജന്മജന്മാന്തരങ്ങളായുള്ള കർമ്മബന്ധങ്ങൾ ഒരു നുള്ളു കർപ്പൂരം കത്തിച്ചും ഒരു കഷണം ശർക്കര നേദിച്ചും തുടച്ചുനീക്കാൻ പറ്റുമോ? ഓരോ ജന്മത്തിനും ഓരോ ഉദ്ദേശമുണ്ട്.” വാണവർ വഴങ്ങിയില്ല. ”എനിക്കുശേഷം ഇവിടെയിരിക്കാൻ ഒരാളിനെ വേണമെന്ന് മുത്തപ്പനു തോന്നുന്നില്ലെങ്കിൽ വേണ്ട. ഇപ്രാവശ്യം ഞാൻ ഇവിടെ ഇരിക്കുന്നില്ല.” അടുത്ത വർഷം ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് മുത്തപ്പൻ വാണവർക്ക് വാക്കുകൊടുത്തു. അത സത്യമായി. നായനാരുടെ സഹോദരി ശ്രീമതി കുക്കി അക്കൻ അമ്മയ്ക്ക് 1950 ഫെബ്രുവരി മാസം 18 ന് ഇപ്പോഴത്തെ ട്രസ്റ്റിയായ ശ്രീ. എസ്.കെ. കുഞ്ഞിരാമൻ നായനാർ ജനിച്ചു.

മുത്തപ്പനുവേണ്ടി ആഗ്രഹിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുക. ഒരാഗ്രഹവും നടക്കാതെ പോകില്ല.

(അധികവായനക്ക് പുസ്തകം കാണുക)