കാട് കയ്യേറ്റക്കാർക്കു വഴിമാറിക്കൊടുക്കുന്നതാണ് പതിവ്. ആരാധകർക്ക് സൌകര്യം ചെയ്തു കൊടുക്കുന്നതിന്റെ മറവിൽ വളരെയധികം വനപ്രദേശങ്ങൾ തരിശു നിലങ്ങളാകുന്നു. കുന്നത്തൂർ പാടി അതിനൊരപവാദമാണ്. ഉത്സവസ്ഥലത്ത് ഇപ്പോഴും ക്ഷേത്രമോ കെട്ടിടങ്ങളോ ഇല്ല. ഇവിടുത്തെ പ്രകൃതി മഞ്ഞു മേലങ്കിയില്ലാത്ത കൈലാസത്തെ അനുസ്മരിപ്പിക്കുന്നു. അഗ്‌നികുണ്ഡങ്ങളും കത്തിയെരിയുന്ന കനത്ത ചൂട്ടുകറ്റകളും ഒരു അലൌകിക സ്പർശവും വർണ്ണഭംഗിയും നൽകുന്നു. മുത്തപ്പനും ഭൂതഗണങ്ങളും മാലോകർക്കായി ചെയ്യുന്ന ലീലകൾ കൊണ്ടു ഇവിടം ഒരു ചെറുപ്രപഞ്ചമായിത്തീരുന്നു.
ഭക്തർക്കിരുന്ന് ഈ ലീലകൾ ആസ്വദിക്കാനെന്നവണ്ണം ചെരിഞ്ഞിറങ്ങിവരുന്ന മലമടക്കുകൾ ഒരു ബാൽക്കണിയാണെന്ന് തോന്നു. ഈ പ്രപഞ്ചത്തിന്റെ ഭാഗമാകുമ്പോൾ മാത്രമെ ”കുന്നത്തൂർ പാടിയിൽ വന്നു കാണണം” എന്നു ചില ഭക്തരോടു മുത്തപ്പൻ പറയാറുള്ളതിന്റെ പൊരുൾ മനസ്സിലാവുകയുളളു. ഇത്ര ഹൃദ്യമായി ജീവാത്മാവിനു പരമാത്മാവുമായി സന്ധിക്കാൻ പറ്റിയ മറെറാരിടമുണ്ടോ?