പാടിയിൽ മുത്തപ്പന്റെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അടിയാന്മാരാണ്. മുത്തപ്പനുമായി ഗാഢബന്ധമാണ്. അവർക്കുള്ളത്.
അവരുടെ മുത്തപ്പ ബന്ധത്തെക്കുറിച്ച് പരക്കെ അറിയപ്പെടുന്ന ഒരു ഐതിഹ്യമുണ്ട്.
പേരാവൂരിൽ കൃഷിചെയ്ത നെല്ലു കാവൽപുര കെട്ടി സംരക്ഷിക്കുകയായിരുന്നു ഗിരിജനങ്ങളായ എളോരനും മൂത്തോരനും. ഉറക്കത്തിലായിരുന്ന അവരെ മഹാവിഷ്ണു ഇന്നത്തെ തിരുവപ്പനക്കു സദൃശമായ രൂപത്തിൽ വന്ന് ഉണർത്തി. നെല്ലുതിന്നുന്ന ഒരു പന്നിയെയാണ് അവർ കണ്ടത്. അവരുടെ അമ്പേറ്റ് ആ പന്നി പിടഞ്ഞു ചത്തു.
താൻ ദിവസേന കണികാണാറുണ്ടായിരുന്ന പന്നി ചത്ത വിവരമറിഞ്ഞ രാജാവ് കുപിതനായി കൊന്നവരെ കഴുവിലേറ്റാൻ കല്പിച്ചു. തങ്ങളുടെ നെല്ലുതിന്ന സങ്കടം കൊണ്ടാണ് പന്നിയെ കൊന്നതെന്ന് അവർ രാജാവിനോടുണർത്തിച്ചു. പന്നിയുടെ വയർ പിളർന്ന് നെല്ലു കാട്ടിക്കൊടുക്കുകയും ചെയ്തു. രാജാവ് സന്തുഷ്ടനായി അവരെ വെറുതെ വിട്ടു.
ഈശ്വരന്റെ സ്വപ്നദർശന സൗഭാഗ്യം ലഭിച്ച എളോരന്റേയും മൂത്തോരന്റേയും തലമുറക്കാർ അഞ്ചില്ലക്കാർ എന്നറിയപ്പെട്ടു. മുത്തപ്പനായി അവതരിച്ച ഭഗവാൻ അവരെ തന്റെ സേവകരാക്കി എന്നാണ് വിശ്വാസം.
ഭഗവൽ പ്രസാദം മാത്രമല്ല, നാഗദേവതകളുടെ അനുഗൃഹങ്ങളും സിദ്ധിച്ചവരാണ് അടിയാന്മാർ. മുത്തപ്പൻ ആരാധനയിലെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത ജോലികൾക്കായി പുല്ലായിക്കൊടി, കല്ലായിക്കോടി, നൂറ്റടക്കൻ, എളോരൻ, മൂത്തോരൻ എന്നീ അഞ്ചില്ലക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ മുത്തപ്പൻ രൂപപ്പെടുത്തിയ ആ ഭരണസംവിധാനം ശിവഗംഗപോലെ അനുസ്യൂതം തുടർന്നുവരുന്നു.