മുത്തപ്പൻ വിഷ്ണുവാണ്. മുത്തപ്പൻ ശിവനാണ്. മുത്തപ്പൻ രണ്ടുമാണ്. മുത്തപ്പൻ രാജാധിരാജനാണ്. മുത്തപ്പൻ ദൈവങ്ങളുടെ ദൈവമാണ്. ഇഷ്ടദേവതയെ വിളിക്കുക. മുത്തപ്പൻ വിളികേൾക്കും. ഏതു പേരിൽ വിളിച്ചാലും, ഏതു രൂപത്തിൽ ആരാധിച്ചാലും അതു മുത്തപ്പാരാധനയാണെന്ന് മുത്തപ്പൻ പറയുന്നു. എല്ലാ വഴികളും ഏകവും അദ്വിതീയവുമായ പരമാത്മാവിലെത്തിച്ചേരുന്നു. അതു വിഷ്ണുവാകാം ശിവനാകാം മറ്റേതെങ്കിലും രൂപമാകാം.
മുത്തപ്പന്റെ രണ്ടു ഭാവങ്ങൾ തിരുവപ്പനയും വെള്ളാട്ടവും – വലിയ മുത്തപ്പനും ചെറിയ മുത്തപ്പനുമായാണല്ലോ പ്രത്യക്ഷപ്പെടാറ്. മഹാവിഷ്ണു വലിയ മുത്തപ്പനായും ശിവപ്പെരുമാൾ ചെറിയ മുത്തപ്പനായും അവതരിച്ചു എന്നാണ് വിശ്വാസം. രണ്ടു ചൈതന്യങ്ങളേയും സാധാരണയായി മുത്തപ്പാ എന്നു വിളിക്കുകയും ചെയ്യുന്നു.
ധനു 2 -ന് ആരംഭിച്ച് മകരം 2-വരെയാണ് പാടിയിലെ ഉത്സവം. ഉത്സവാവസാനം തിരുവപ്പന വാണവരോട് ”ശ്രീ പാലാഴിയിൽ പള്ളിക്കുറുപ്പു കൊള്ളാൻ പോകുന്നു വാണവരേ” എന്നു ചൊല്ലിയാണ് പിരിയാറ്. വെള്ളാട്ടമാവട്ടെ ”കൈലാസത്തിൽ പള്ളിക്കുറുപ്പുകൊള്ളാൻ പോകുന്നു വാണവരേ” എന്നു ചൊല്ലിയും. പാലാഴിയിലേക്ക് തിരിച്ചു പോകുന്ന തിരുവപ്പന രൂപം മഹാവിഷ്ണുവിന്റെ അവതാരവും കൈലാസത്തിലേക്കു പോകുന്ന വെള്ളാട്ടം ശിവരൂപവും തന്നെ.
ചെറിയ മുത്തപ്പൻ വലിയ മുത്തപ്പനെ സംബോധന ചെയ്യുമ്പോൾ ”ശ്രീ പാലാഴി നാഥനാണ് നമ്മുടെ നാനാറ്” എന്നും തിരുവപ്പന വെള്ളാട്ടത്തെക്കുറിച്ച് ”ശ്രീ കൈലാസനാഥനാകും നമ്മുടെ ചെറുക്കൻ” എന്നും വിശദീകരിക്കുന്നു. വെള്ളാട്ടം തന്നെത്തന്നെ വിവരിക്കുന്നത് ”പെരുമ്പാമ്പു കുടുക്കുവെച്ച് പ്രകാരം മൂർദ്ധാവിൽ വളച്ചുകെട്ടിയിരിപ്പോരു വേഷക്കാരനാണ് മുത്തപ്പൻ” എന്നാണ്.. അതു ശിവരൂപത്തെയാണല്ലോ സൂചിപ്പിക്കുന്നത്.
ശിവൻ ജ്ഞാനത്തെയും വിഷ്ണു രക്ഷയേയും സൂചിപ്പിക്കുന്നു. രാജാധിരാജൻ ആയതുകൊണ്ട് അദ്ദേഹം അലങ്കാരപ്രിയനാണ്. തിരുവപ്പനയുടെ രൂപംതന്നെ രാജകീയമാണല്ലോ. ശിവന് അലങ്കാരങ്ങളുടെ ആവശ്യമില്ല. തോലുകൊണ്ടൊരു വസ്ത്രവും മേലാകെ ചുടലച്ചാരവും.
ജ്ഞാനവും ശക്തിയും ഒത്തുചേർന്നാൽ മാത്രമേ ഒരാൾക്കു പുരോഗതിയുള്ളു.