ഈശ്വരന് ഭക്തിയാണു നിയാമക ഘടകം. കടിച്ചുനോക്കി നല്ലതാണെന്നുറപ്പു വരുത്തിയ പഴങ്ങളാണ് ശബരി ശ്രീരാമനു സമർപ്പിച്ചത്. കുചേലൻ ശ്രീകൃഷ്ണനു സമർപിച്ചത് കല്ലും നെല്ലും കലർന്ന അവൽ ആണ്. ദൈവങ്ങൾ അത് ആസ്വദിക്കുകയായിരുന്നു.
മുത്തപ്പന്റെ ആദ്യ സമ്പർക്കം ചെത്തുകാരനായ മൂത്തോരൻ ചന്ദനുമായിട്ടായിരുന്നു. ചന്ദൻ മുത്തപ്പന് മദ്യം നൽകാൻ വിസമ്മതിച്ചു. മുത്തപ്പൻ അവനെ കല്ലാക്കി മാറ്റി. തനിക്കു ഏറ്റവും പ്രിയപ്പെട്ടതു സമർപ്പിക്കാതെ ഭഗവാനെ സാക്ഷാൽക്കരിക്കുക അസാദ്ധ്യം. ഭഗവൽ സാന്നിദ്ധ്യമില്ലാത്ത മനസ്സ് കല്ലുതന്നെ. ചന്ദന്റെ ഭാര്യ മധു നൽകാമെന്ന് പറഞ്ഞപ്പോൾ ഭഗവാൻ ചന്ദനെ പുനർജീവിപ്പിക്കുകയും ചെയ്തു.
ഭഗവാന്റെ മുമ്പിൽ സമർപ്പണം പൂർണ്ണമായപ്പോൾ അദ്ദേഹം അവരെ തന്റെ അടുത്ത അനുചരന്മാരാക്കി. അന്നു മുതൽ മദ്യം മുത്തപ്പാരാധനയുടെ ഭാഗമായി.
മധു ഉജ്ജ്വലമായ പ്രതീകമാണ്. അത് ആദ്ധ്യാത്മിക സാധനാക്രമങ്ങളുടെ പരമകാഷ്ടയാണ്. പന മനുഷ്യ ശരീരവും വേരുകൾ മൂലാധാരവും വളയങ്ങളോടുകൂടിയ തണ്ട് നട്ടെല്ലും ചോറ് സുഷുമ്നയും ഇലകളോടു കൂടിയ മുകൾഭാഗം ശീർഷവും വിരിഞ്ഞു നിൽക്കുന്ന പൂക്കുല സഹസ്രദള പത്മവുമാകുന്നു. ഒരു യഥാർത്ഥ സാധകൻ യോഗസാധനകളിലൂടെ മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തി ശിരസ്സിലേക്കുയർത്തുമ്പോൾ ഊറിവരുന്ന അനന്താനന്ദത്തിന്റെ ബ്രഹ്മരസം – അമൃത് – തന്നെയാണ് ”എൺചാൺ പനത്തലയിലൂറിയുറച്ച കള്ള്”. ആത്മാവിന്റെ പ്രതീകമായ കിണ്ടിയിലൂടെ ഭഗവാൻ ഭക്തർക്ക് പകർന്നു കൊടുക്കുന്നതു ഈ ബ്രഹ്മരസമാണ്.
മുത്തപ്പനു അമിതമായി മദ്യം നൽകി ബോധം കെടുത്തി വകവരുത്താൻ ഒരു ശ്രമം എതിരാളികൾ പുരളിമലയിൽ വച്ച് നടത്തിയിരുന്നല്ലോ. മുത്തപ്പൻ കുടിച്ച മദ്യത്തിന്റെ ലഹരിയിൽപ്പെട്ട് നിലത്തുകിടന്നുരുണ്ടത് എതിരാളികൾ ആയിരുന്നു.
കുന്നത്തൂർ പാടിയിലെ ഒരു ദേവപ്രശ്നത്തിൽ ചാരായവും വിദേശമദ്യവും മുത്തപ്പനു നിഷിദ്ധം എന്നു കാണുകയുണ്ടായി. ”ചത്ത ശവം മുത്തപ്പനു നിഷിദ്ധം” എന്നാണ് പ്രശ്നവിധിയിൽ കണ്ടത്. അതേത്തുടർന്ന് ദേവസ്ഥാനത്ത് വിദേശമദ്യം നിരോധിച്ചു.
ചാരായ നിരോധനത്തിനു ശേഷം കരിംകലശത്തിനു പറശ്ശിനിക്കടവിൽ ഇളനീരാണ് നൽകാറ്.