”വിശ്വസിക്കാവുന്ന ഒരിടമായി ശ്രീ മുത്തപ്പൻ മാറിയ ഓർമ്മ” ശ്രീ ഗുരുവായൂരപ്പൻ കോളെജ് സംസ്‌കൃതവിഭാഗം അദ്ധ്യക്ഷയായ ഡോ. ലക്ഷ്മി ശങ്കർ പങ്കുവെയ്ക്കുന്നു.
”വിശ്വസിച്ചോരെ ചതിക്കാതെ’ കാക്കുന്ന മുത്തപ്പന്റെ കഥകൾ കേട്ട്‌കേട്ട് മുത്തപ്പനെനിക്ക് എന്നെ കാക്കുന്ന കാരണവരായി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മുത്തപ്പൻ കൂടെയുണ്ട്’ എന്ന ഉറപ്പ് ഒരു മന്ത്രം പോലെ തുണയാവുന്ന പ്രത്യക്ഷമായ കരുതലിനെയല്ലേ നമ്മൾ ഈശ്വരനെന്ന് തിരച്ചറിയുന്നത്?
മുത്തപ്പനെ കണ്ട ഒരനുഭവം ഞാനോർക്കുന്നു. കണ്ടപ്പോൾ തന്നെ ഒരു പ്രത്യേക വാത്സല്യത്തോടെ തിരുമുടിയിൽ നിന്ന് ചെത്തിപ്പൂക്കൾ എന്റെ തലയിൽ വച്ച് അനുഗ്രഹിച്ചു. ‘നാവിൽ സരസ്വതി…..മുഖത്ത് ലക്ഷ്മി….. കുഞ്ഞേ നീ ഈ സരസ്വതി കൊണ്ട് ലോകം മുഴുവൻ പ്രസിദ്ധി നേടും…. ലോകത്തിന് നല്ല വാക്കോതിക്കൊടുക്കാൻ നിനക്ക് നിയോഗമുണ്ട്…. അതു ചെയ്യണം.’
വീണ്ടും എന്റെ രണ്ട് കൈകളും പിടിച്ച് അനുഗ്രഹിച്ചു. കണ്ണു നിറഞ്ഞാണ് ഞാനത് കേട്ടത് – വാക്ക് എന്റെ നിയോഗമാണ്, സമൂഹത്തോടുള്ള എന്റെ ഉത്തരവാദിത്തമാണ് എന്ന് എനിക്കുറപ്പായ സന്ദർഭമായിരുന്നു അത്. എന്റെ പേരുചൊല്ലി വിളിച്ചതിലെ അൽഭുതം മുത്തപ്പന്റെ അനുഗ്രഹത്തിൽ അലിഞ്ഞു.
ഒരിക്കൽ എറണാകുളത്ത് മുത്തപ്പൻ വരുന്നു. എനിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ജോലി ലഭിച്ച സമയം. മുത്തപ്പനോട് ജോലി കിട്ടിയ വിശേഷം പറയണം എന്ന ഉത്സാഹത്തിലായിരുന്നു ഞാൻ. ദർശന സമയമെത്തി. ഞാനൊന്നും പറഞ്ഞില്ല ‘മുത്തപ്പൻ കൂടെയുണ്ടാവണം’ എന്നുമാത്രം ഞാൻ പറഞ്ഞു വച്ചു.
പതിവില്ലാത്ത ഗൗരവത്തിൽ മുത്തപ്പൻ കൈപിടിച്ച് പറഞ്ഞു, ‘കുഞ്ഞിന്റെ പ്രാർത്ഥന മുത്തപ്പൻ ഓർത്തു. കുഞ്ഞിന് ഇഷ്ടപ്പെട്ടിടത്ത് ഞാനെത്തിച്ചില്ലേ…..? ഇനി ഒന്ന് ഓർമ്മിക്കൂ…. ഗുരുവായൂര് ഇരിക്കുന്നയാളും ഈ ആളും (സ്വയം മുത്തപ്പനെ തൊട്ടുകൊണ്ട് ) ഒന്നാണെന്ന് നീ തിരിച്ചറിഞ്ഞോളൂ’.
ഈശ്വരഭാവങ്ങൾ വൈവിധ്യമായിരിക്കാം. ഉപാസനാരീതികൾ വ്യത്യസ്തമായിരിക്കാം. പക്ഷെ ഗുരുവായൂരപ്പനെന്നും ചോറ്റാനിക്കരയമ്മയെന്നും മുത്തപ്പനെന്നും നാം തിരിച്ചറിയുന്ന ഈശ്വരീയഭാവങ്ങൾ വ്യത്യസ്തമല്ല. ഞാനറിഞ്ഞ മുത്തപ്പൻ പ്രപഞ്ചപ്പൊരുൾ ഒന്നേയുള്ളൂ എന്ന ചിന്ത എനിക്ക് പകർന്നുതന്ന അനുഭവമാണ്,” ഡോ. ലക്ഷ്മി ശങ്കർ പറയുന്നു.