മുത്തപ്പ ചരിത്രം ദ്വാപരയുഗം മുതൽ കലിയുഗം വരെ വ്യാപിച്ചുകിടക്കുന്നു. മുത്തപ്പന്റെ കാലത്തേയും കർമ്മത്തേയും പറ്റി പട്ടോലകളിൽ നിന്നും തോറ്റം പാട്ടുകളിൽ നിന്നും കളിക്കപ്പാട്ടുകളിൽ നിന്നും ചിലതു മനസ്സിലാക്കാം. ഇത് അഞ്ഞൂറ്റാന്മാരും പെരുവണ്ണാൻമാരും തിരുനൃത്തത്തോടൊപ്പം ഉരിയാടുന്ന അനുഷ്ഠാന ഗാനങ്ങളാണ്. കുന്നത്തൂർ പാടിയിൽ വാണവരോടും മടപ്പുരയിൽ മടയനോടും മറ്റു മടപ്പുരകളിൽ സ്ഥാനികളോടും ചൊല്ലുന്നതാണ് പട്ടോല. മുത്തപ്പനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് തോറ്റം പാട്ട് (സ്‌തോത്രങ്ങൾ). മുത്തപ്പന്റെ തിരുവേഷം കെട്ടിയാടുന്നവർ കർമ്മത്തിന്റെ ഭാഗമായി ചൊല്ലിയാടി പാടുന്ന സ്തുതിയാണു കളിക്കപ്പാട്ട്. ആരാധനയുടെ അവിഭാജ്യഘടകങ്ങളായ ഈ അനുഷ്ഠാനങ്ങൾ ദൈവം തന്നെ തന്റെ കാര്യങ്ങൾക്കായി ഏല്പിച്ചുകൊടുത്തിട്ടുള്ളവരുടെ പാരമ്പര്യ അവകാശമാണ്. മന്ത്രസദൃശമായ ഈ സ്വത്തു അവർ കൈവിട്ടു കളയുകയില്ല. തലമുറകൾ കൈമാറിവന്ന മുത്തപ്പനെക്കുറിച്ചുള്ള വിശ്വാസങ്ങൾ ചരിത്രം പോലെതന്നെ പ്രധാനമാണ്.

(അധികവായനക്ക് പുസ്തകം കാണുക)