ക്ഷേത്രസംസ്‌കാരത്തിൽ വടക്കെ മലബാറിന്റെ സംഭാവനയാണ് തെയ്യങ്ങൾ. ബിംബപ്രതിഷ്ഠ, ചുരിക പ്രതിഷ്ഠ, കണ്ണാടി പ്രതിഷ്ഠ എന്നിവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് തെയ്യങ്ങൾ. ദേവീദേവന്മാരുടെ പ്രതീകങ്ങളാണ് പ്രതിഷ്ഠകൾ. തെയ്യങ്ങളാകട്ടെ സചേതനങ്ങളായ വിഗ്രഹങ്ങളും. ദൈവത്തോട് ഭക്തന് നേരിട്ടു സംസാരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ആരാധനാസമ്പ്രദായമാണ് തെയ്യക്കോലങ്ങൾ.
പാടിയിലും പറശ്ശിനിയിലും മുത്തപ്പന്റെ കോലം കെട്ടിയാടുന്നതിന് ദൈവം തന്നെ കല്പിച്ചനുഗ്രഹിച്ചു തെരഞ്ഞെടുത്തതാണ് മണത്തണ കല്ലാടിയേയും തളിയിൽ കല്ലാടിയേയും.
മണത്തണക്കാരിയായ ഒരു നായർ യുവതി പയ്യാവൂർ ഊട്ടിനു തൊഴാൻ പോയി. ഉത്സവത്തിന്റെ തിക്കിലും തിരക്കിലും പെട്ട് കൂട്ടം തെറ്റിപ്പോയ ആ യുവതി അലഞ്ഞു തിരിഞ്ഞു ഒടുവിൽ ഒരു ഗൃഹത്തിൽ അഭയം പ്രാപിച്ചു. ഗർഭിണി ആയിരുന്ന അവൾ ഒരാൺകുഞ്ഞിനു ജന്മം നൽകി. പയ്യാവൂർ ശിവപ്പെരുമാളിന്റെ കൃപ ആ ബാലനിൽ പതിഞ്ഞു. തനിസ്വരൂപം കാട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് മുത്തപ്പൻ അപ്രകാരം ചെയ്തു. മേലിൽ തന്റെ തിരുവേഷം കെട്ടിയാടണമെന്ന് ഭഗവാൻ കല്പിക്കുകയും ചെയ്തു.
ദിവ്യദർശനം ലഭിച്ച ബാലനെ കോട്ടയത്തു തമ്പുരാൻ കൊട്ടാരത്തിൽ വിളിച്ചുവരുത്തി പട്ടും വളയും നൽകി വള്ള്യായിയിൽ ഭൂമിയും ഭവനവും പതിച്ചുകൊടുത്തു. ഇന്നും ആ സ്ഥലത്തിന് അഞ്ഞൂറ്റാൻ പറമ്പ് എന്നാണ് പേര്. മുത്തപ്പൻ കെട്ടിയാടാൻ പുരളിമല ചിത്രപീഠമാണ് തിരുമുടി കനിഞ്ഞു നൽകിയത്. തെയ്യം കലാകാരന്മാരിൽ ഉയർന്ന സ്ഥാനമാണ് അഞ്ഞൂറ്റാന്മാർക്കുളളത്. ദേശപരിമിതികൾ അവർക്കു ബാധകമല്ല. എവിടെയും തിരുവേഷം കെട്ടാം.
പറശ്ശിനിക്കടവ് മുത്തപ്പന്റെ തിരുവേഷം കെട്ടാൻ ”തളിയിൽ കല്ലാടിയെ വിശ്വസിച്ചു മുത്തപ്പൻ” എന്നു കണ്ടിരുന്നല്ലോ. തളി പെരുവണ്ണാന്റെ തറവാടായ കുണ്ടത്തിൽ തറവാട്ടിലെ മക്കൾക്കും മരുമക്കൾക്കും മാത്രമേ കോലത്തിനവകാശമുളളു. മടപ്പുരയിൽ 20 തെയ്യം കലാകാരന്മാരുണ്ട്.